നടന്, തിരക്കഥാകൃത്ത്, സംവിധായകന് എന്നീ നിലകളില്‍ അരനൂറ്റാണ്ടോളം മലയാള ചലച്ചിത്ര ലോകത്തെ വിസ്മയിപ്പിച്ച ശ്രീനിവാസന് വിട. സാധാരണക്കാരന്റെ ജീവിതാനുഭവങ്ങളെ ഇത്രത്തോളം തന്മയത്വത്തോടെയും ലളിതമായും വെള്ളിത്തിരയില്‍ എത്തിച്ച മറ്റൊരു കലാകാരന് നമുക്കിടയിലില്ല.
ഹാസ്യത്തെ വെറും ചിരിക്കപ്പുറം ചിന്തയ്ക്കുള്ള വഴിമരുന്നായി ഉപയോഗിച്ച അദ്ദേഹം, മലയാളിയുടെ സാമൂഹിക ബോധത്തെ സ്വാധീനിച്ച കലാകാരന് കൂടിയായിരുന്നു. ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അത് ഒട്ടും ചോരാതെ കലയാക്കി മാറ്റുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്.

മലയാള സിനിമയുടെ ഗതി മാറ്റിയ ഒട്ടനവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും പിറന്നു. ‘നാടോടിക്കാറ്റ്’, ‘വരവേല്‍പ്പ്’, ‘മിഥുനം’, ‘പട്ടണപ്രവേശം’ തുടങ്ങിയ സിനിമകള്‍ ഇന്നും പ്രേക്ഷകമനസ്സുകളില്‍ നിറഞ്ഞുനില്ക്കുന്നത് അവ കൈകാര്യം ചെയ്ത മനുഷ്യാവസ്ഥകളുടെ തീക്ഷ്ണത കൊണ്ടാണ്. സംവിധായകന് എന്ന നിലയില്‍ ‘വടക്കുനോക്കിയന്ത്രം’, ‘ചിന്താവിഷ്ടയായ ശ്യാമള’ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ കലാപരമായ ഔന്നിത്യം ഉയര്‍ത്താനും അദ്ദേഹത്തിന് സാധിച്ചു.


