ആലപ്പുഴ: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ അരിതാ ബാബുവിന്റെ മൊബൈൽ ഫോണിലേക്ക് നിരന്തരമായി വീഡിയോ കോളുകളും അശ്ലീലദൃശ്യങ്ങളും അയച്ച കേസിൽ പ്രതി പിടിയിൽ. മലപ്പുറം ജില്ലയിൽ അമരമ്പലം തെക്ക് മാമ്പൊയിൽ ഏലാട്ട് പറമ്പിൽ വീട്ടിൽ അബ്ദുള്ള മകൻ ഷമീർ (35) നെ ആണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
ഖത്തറിൽ ജോലി ചെയ്തു വന്നിരുന്ന പ്രതിയെ ഈ സംഭവത്തെത്തുടർന്ന് കമ്പനി അധികൃതർ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വിദേശ നമ്പരിൽ നിന്നും ആദ്യം വാട്സാപ്പിൽ തുടർച്ചയായി വീഡിയോ കോൾ ചെയ്യുകയായിരുന്നു. പിന്നീട് ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു. തുടർന്ന് കായംകുളം ഡിവൈഎസ്പി ഓഫീസിൽ എത്തി അരിത ബാബു പരാതി നൽകി. ഒരു പെൺകുട്ടിക്കെതിരെയും ഇയാൾ ഇത്തരത്തിൽ പ്രവർത്തിക്കാൻ പാടില്ലെന്നും അതിനാലാണ് പരാതി നൽകിയതെന്നുമായിരുന്നു അരിതാബാബുവിന്റെ പ്രതികരണം. സംഭവം പുറത്തായതോടെ, ഇയാൾ ക്ഷമാപണം നടത്തി വീഡിയോ അയച്ചിരുന്നു.