രാമേശ്വരം: സമുദ്രാതിർത്തി ലംഘിച്ച് മീൻ പിടിച്ചെന്നാരോപിച്ച് 12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. പുതുക്കോട്ടൈ, ജഗതപട്ടണം, കോട്ടപട്ടണം എന്നിവിടങ്ങളിൽ നിന്ന് കടലിൽ പോയവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് ബോട്ടുകളും സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
30 നോട്ടിക്കൽ മൈൽ അകലെയുള്ള നെടുന്തീവിന് സമീപം മത്സ്യബന്ധനം നടത്തുകയായിരുന്നു തൊഴിലാളികൾ. ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്ന ശ്രീലങ്കൻ സേന മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശ്രീലങ്കയിലെ കനകേശന്തുറൈ നാവിക ക്യാമ്പിലേക്ക് ചോദ്യം ചെയ്യലിനായി ഇവരെ കൊണ്ടുപോയി.