തൃശൂർ: വ്യാജ സ്വർണ്ണം പണയം വച്ച് സ്ഥാപനങ്ങളെയും വ്യക്തികളെയും ചതിക്കുക, ഗൂഢാലോചന, കവർച്ച, അക്രമിച്ച് പരിക്കേൽപ്പിക്കുക തുടങ്ങി നിരവധി സാമ്പത്തിക തട്ടിപ്പുകേസിലും വഞ്ചനാക്കേസിലും പ്രതിയായ എറണാകുളം പള്ളുരുത്തി തണ്ടാശ്ശേരി വീട്ടിൽ സിനി ഗോപകുമാർ (48) എന്ന പൂമ്പാറ്റ സിനി കാപ്പ നിയമപ്രകാരം അറസ്റ്റിലായി.
തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ നൽകിയ റിപ്പോർട്ട് പരിഗണിച്ച് കളക്ടർ വി.ആർ.കൃഷ്ണതേജയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കൽ വിധിച്ചത്. ശ്രീജ, സിനി, പൂമ്പാറ്റ സിനി എന്നീ പേരുകളിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന ഒല്ലൂർ തൈക്കാട്ടുശേരിയിലെ വീട്ടിൽ നിന്നും ഇൻസ്പെക്ടർ ബെന്നി ജേക്കബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്ത് കളക്ടർ മുമ്പാകെ ഹാജരാക്കിയിരുന്നു. സിനി, ശ്രീജ എന്നിങ്ങനെ പേരുകളും വിലാസവും മാറിമാറി ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുകയാണ് ഇവരുടെ രീതി. കോടിക്കണക്കിന് രൂപയാണ് ഇവർ തട്ടിയെടുത്തത്.
താമസിക്കുന്ന സ്ഥലങ്ങളിൽ മദ്യവും മയക്കുമരുന്നും നൽകി ഗുണ്ടാസംഘങ്ങളെ സംഘടിപ്പിക്കുന്നതും ഇവരുടെ രീതിയാണ്. കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ അടച്ചിട്ടുണ്ടെങ്കിലും ഒരു കേസിലും ഇതുവരെയും ശിക്ഷിക്കപ്പെട്ടിട്ടില്ല.
അമ്പതിലേറെ കേസ്
ആലപ്പുഴയിൽ അരൂർ, കുത്തിയതോട് എന്നീ പൊലീസ് സ്റ്റേഷനിലും, എറണാകുളം മുളവുകാട്, ചെങ്ങമനങ്ങാട്, തോപ്പുംപടി, ടൗൺ സൗത്ത്, എറണാകുളം സെൻട്രൽ, കണ്ണമാലി, ആലുവ ഈസ്റ്റ്, പുതുക്കാട്, കൊടകര, മാള, ടൗൺ ഈസ്റ്റ്, ഒല്ലൂർ, ചാലക്കുടി, നെടുപുഴ എന്നിവിടങ്ങളിലായി അമ്പതിലധികം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലയിൽ മാത്രം 32 കേസുകളാണ് സിനിക്കെതിരായി ഉള്ളത്.