കൊല്ലം: കൊല്ലം നിലമേലിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകത്തിൽ നിരവധി പേർക്ക് പരിക്ക്. ബസിന് പിന്നാലെ എത്തിയ ഓട്ടോറിക്ഷയും അപകടത്തിൽപെട്ടു. നിലമേൽ മുരുക്കുമണ്ണിലാണ് അപകടം നടന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മടങ്ങുകയായിരുന്ന കാറാണ് ബസുമായി കൂട്ടിയിടിച്ചത്. സ്ത്രീകളടക്കം പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ കാർ യാത്രികരായിരുന്ന രണ്ട് പേരുടെ നിലഗുരുതരമാണ്. കെഎസ്ആർടിസി ഡ്രെെവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെെകീട്ട് മൂന്ന് മണിക്കായിരുന്നു അപകടം.
പത്തനാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. അമിത വേഗതയിലെത്തിയ ബസ് കാറിൽ ഇടിച്ചുകയറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ അല്പദൂരം മുന്നോട്ട് പോയതിന് ശേഷമാണ് ബസ് നിന്നത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിന്റെ മുൻസീറ്റിലുണ്ടായിരുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്.
അപകടത്തിൽ ബസിന്റെ പിന്നിലുണ്ടായിരുന്ന ഓട്ടോയും അപകടത്തിൽപെട്ടു. ഓട്ടോറിക്ഷാ ഡ്രെെവറുടെ കാലിന് പൊട്ടലുണ്ട്. ഡ്രെെവർക്ക് പുറമെ ഒരു അമ്മയും കെെക്കുഞ്ഞും ഓട്ടോയിലുണ്ടായിരുന്നു. ഇവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കെഎസ്ആർടിസി ഡ്രെെവറെ നിലവിൽ ചടയമംഗലം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഡ്രെെവറെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കും. കെഎസ്ആർടിസി ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അലക്ഷ്യമായാണ് കെഎസ്ആർടിസി ഡ്രെെവർ വാഹനം ഓടിച്ചതെന്നും ആരോപണമുണ്ട്.