
മനാമ: സാമ്പത്തിക ദുരിതങ്ങളിലകപ്പെട്ട് ബഹ്റൈനില്‍ കുടുങ്ങിപ്പോയ മലയാളി യുവാവ് ഒടുവില്‍ നാട്ടിലെത്തി. ബിസിനസ് തകര്‍ച്ച മൂലം ദുരിതമനുഭവിച്ച മാഹി സ്വദേശി സന്ദീപ് തുണ്ടിയില്‍ ആണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. ബഹ്റൈനിലുണ്ടായിരുന്ന സന്ദീപിന്റെ ഭാര്യ ഷെമിനയും മകള്‍ ഇവാനിയും കഴിഞ്ഞ ഓഗസ്റ്റില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു.
2011ല്‍ ആദ്യമായി ബഹ്റൈനിലെത്തിയ സന്ദീപ് പിന്നീട് ഭാര്യയെയും ഇവിടേക്ക് കൊണ്ടുവന്നു. 2019ല്‍ ഭാര്യയുടെ പേരില്‍ ഒരു ചെറിയ ബിസിനസ് ആരംഭിച്ചു. 2022ഓടെ സാമ്പത്തിക പ്രതിസന്ധി നേരിട്ടു ബിസിനസ് തകര്‍ന്നു. സ്ഥാപനത്തിന്റെ കമേഴ്സ്യല്‍ റജിസ്ട്രേഷന് പുതുക്കാന്‍ സന്ദീപിന് സാധിച്ചില്ല. അതോടെ സന്ദീപും ഭാര്യയും ബഹ്റൈനില്‍ താമസിക്കാനുള്ള രേഖകളില്ലാത്തവരായിമാറി. വാടക നല്കാനാവാത്തതും മറ്റുമായി ബന്ധപ്പെട്ട കേസുകളും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം ചേര്‍ന്നപ്പോള്‍ കുടുംബം കടുത്ത ദുരിതത്തിലായി.
ഇതിനിടയില്‍ ദമ്പതിമാര്‍ക്ക് ഒരു മകള്‍ പിറന്നു. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലായിരുന്നു പ്രസവം. ആശുപത്രി ഫീസായ 150 ദിനാര്‍ നല്കാന് സാധിക്കാതെവന്നതിനാല്‍ കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. ഇതോടെ കുട്ടിയും താമസ രേഖയില്ലാത്ത അവസ്ഥയിലായി. തുടര്‍ന്ന് വാടക കുടിശ്ശിക വന്നതിനാല്‍ താമസസ്ഥലത്തുനിന്ന് കുടുംബത്തെ ഇറക്കിവിടുകയും ചെയ്തു. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇവര്‍ ജീവിച്ചത്.
ഇതിനിടയില്‍ സന്ദീപിന്റെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടു. സ്ഥാപനം നടത്തിയിരുന്ന കെട്ടിടത്തിന്റെ വാടക നല്കാത്തതിനാല് ഷെമിനയുടെ പാസ്പോര്‍ട്ട് കെട്ടിട ഉടമ പിടിച്ചുവെക്കുകയും ചെയ്തു.
ഈ ഘട്ടത്തില്‍ പ്രവാസി ലീഗല്‍ സെല്‍ കുടുംബത്തിന്റെ സഹായത്തിനെത്തി. അവര്‍ ഇടപെട്ട് സഹായിച്ച് കേസുകള്‍ തീര്‍പ്പാക്കിയ ശേഷമാണ് സന്ദീപിന് നാട്ടിലേക്ക് മടങ്ങാനായത്.


