തൃശൂർ: കള്ളുഷാപ്പിൽ നിന്ന് കള്ള് കുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതും മദ്യപാനത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും തടയുന്നതിനായി അബ്കാരി നിയമത്തിലെ സെക്ഷൻ 55 (എച്ച്) പ്രകാരമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടുള്ള ചേർപ്പ് സ്വദേശി അഞ്ജനയാണ് അറസ്റ്റിലായത്.
തൃശൂർ പുളള് മേഖലയിലെ ഷാപ്പിൽ അഞ്ച് യുവതികൾ ചേർന്ന് കള്ള് കുടിക്കുന്ന വീഡിയോയാണ് ഇൻസ്റ്റഗ്രാം റീലായി പോസ്റ്റ് ചെയ്തത്. വീഡിയോ അതിവേഗം വൈറലായി. ഇതോടെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കേസ് രജിസ്റ്റർ ചെയ്യുകയും അക്കൗണ്ട് ഉടമയെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടുകയും ചെയ്തു.
അക്കൗണ്ട് ഉടമയെ തിരിച്ചറിഞ്ഞ ശേഷം ഇവരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമപരമായ മുന്നറിയിപ്പില്ലാതെ സിനിമകളിലടക്കം മദ്യപാന രംഗങ്ങൾ പ്രദർശിപ്പിക്കുന്നത് കുറ്റകരമാണെന്ന് എക്സൈസ് അറിയിച്ചു.