ന്യൂഡൽഹി: സ്വരൂപ് നഗറിൽ ഒമ്പത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. കൊലപാതകം മറച്ചുവയ്ക്കുന്നതിനായി കുട്ടിയുടെ മൃതദേഹം പ്രതി സമീപത്തെ കനാലിൽ തള്ളി. ഡിസംബർ 12 -നാണ് സംഭവം നടന്നത്. കേസില്‍ 52-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 12-ന് വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാർ യാത്ര വാഗ്ദാനം ചെയ്ത് പ്രതി വാഹനത്തിൽ കയറ്റുകയായിരുന്നു. ഇതേ ദിവസം കുട്ടി പ്രതിയുടെ കാറിൽ ഇരിക്കുന്നത് കണ്ടതായി പോലീസും സ്ഥിരീകരിച്ചു. കുട്ടിയെ വാഹനത്തിൽ കയറ്റിയതിന് ശേഷം ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പോലീസ് പറയുന്നത്. കുട്ടി കൊല്ലപ്പെട്ടതോടെ മൃതദേഹം ഇയാൾ കനാലിൽ തള്ളിയതായും പോലീസ് വ്യക്തമാക്കി.
ഫാക്ടറി തൊഴിലാളികളായ മാതാപിതാക്കളാണ് കുട്ടിയെ കാണാതായ വിവരം പോലീസിൽ അറിയിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സ്ഥലം ഉടമയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിൽ നിന്നും കുട്ടിയുടെ മൃതദേഹം കനാലിൽ തള്ളിയതായി പ്രതി കുറ്റസമ്മതം നടത്തി. തുടർന്ന്, മൃതദേഹം കണ്ടെടുക്കുന്നതിനായി മുങ്ങൽ വിദഗ്ധരെ വിന്യസിച്ച് കനാലിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇതിനിടയിൽ, ഒരു അപകടത്തിൽപ്പെട്ട് 52-കാരനായ പ്രതി നിലവിൽ ചികിത്സയിലാണ്. പ്രതിയെ നിരീക്ഷിക്കുന്നതിനായി ആശുപത്രിയിൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിക്കെതിരായ ലെെംഗിക അതിക്രമം ചൂണ്ടിക്കാട്ടി പോക്സോയും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.