ആലപ്പുഴ: വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി. ആലപ്പുഴ പുളിങ്കുന്നിലാണ് സംഭവം നടന്നത്. റിലാക്സ് കേരള എന്ന ഹൗസ് ബോട്ടാണ് വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്. അപകട സമയത്ത് മൂന്ന് യാത്രക്കാർ ബോട്ടിൽ ഉണ്ടായിരുന്നു.ബോട്ട് മുങ്ങിത്താഴുന്നതിന് മുൻപ് മറ്റ് ഹൗസ് ബോട്ടുകളിലും സ്പീഡ് ബോട്ടുകളിലുമായി എത്തിയവർ യാത്രക്കാരെ രക്ഷിച്ചു. ഇവരെ മറ്റൊരു ബോട്ടിൽ കയറ്റി. അടിത്തട്ടിലൂടെ വെള്ളം കയറിയതാണ് ബോട്ട് മുങ്ങിത്താഴാൻ കാരണം എന്നാണ് ലഭിക്കുന്ന വിവരം. കായലിൽ സ്ഥാപിച്ച ഒരു കുറ്റിയിൽ ഇടിച്ച് ബോട്ടിന്റെ അടിപ്പലക തകർന്നതാണ് വെള്ളം കയറാൻ കാരണമെന്ന് സംശയിക്കുന്നു. ബോട്ടിന്റെ പഴക്കം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.



