കോവിഡ് 19 വൈറസ് ബാധ തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ രാജ്യം ഒട്ടാകെ പ്രശംസിക്കുമ്പോള്‍ അതില്‍ ശ്രദ്ധേയമാകുന്നത് ഒരു പിതാവിന്റെ കുറിപ്പാണ്. കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് മുംബൈ സ്വദേശിയായ സുജയ് കദം സാമൂഹ്യമാദ്ധ്യമത്തില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്. കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ കുടുങ്ങിക്കിടന്ന മകളെ രക്ഷിച്ച് നാട്ടില്‍ എത്തിച്ച മോദി സര്‍ക്കാര്‍ രണ്ടാമത്തെ രക്ഷകര്‍ത്താവാണെന്ന് സുജയ് കുറിപ്പില്‍ പറയുന്നു.
ഫെബ്രുവരി നാലിനാണ് തന്റെ മകള്‍ ഉപരിപഠനത്തിനായി ഇറ്റലിയിലെ മിലനിലേക്ക് യാത്ര തിരിച്ചത്. ഫെബ്രുവരി 22 ന് കോളേജില്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ അവിടെയെത്തിയപ്പോഴാണ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോളേജ് അടച്ചിട്ടിരിക്കുകയാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് മകള്‍ അവിടെ താമസം ആരംഭിച്ചു. പിന്നീട് മാര്‍ച്ച് 10 ന് പ്രദേശത്ത് എല്ലാം അടച്ചു പൂട്ടിയെന്നും പതിനഞ്ച് ദിവസത്തേക്ക് മാത്രമാണ് ഭക്ഷണം ഉള്ളതെന്നും മകള്‍ അറിയിച്ചു. ഉടന്‍ തന്നെ മകളോട് ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ആവശ്യപ്പെട്ടെങ്കിലും ഇറ്റലി സര്‍ക്കാര്‍ സര്ട്ടിഫിക്കേഷന് ആവശ്യപ്പെട്ടിരുന്നതിനാല്‍ കഴിഞ്ഞില്ല.
പിന്നീട് മാര്‍ച്ച് 12 ന് താന്‍ ഇന്ത്യന്‍ എംബസ്സിയില്‍ ചെല്ലുകയും വിവരം അറിയിച്ചുകൊണ്ട് അധികൃതര്‍ക്ക് ഇ മെയില്‍ അയക്കുകയും ചെയ്തു. അന്ന് രാത്രി ഏകദേശം പതിനൊന്ന് മണിയോടെ മകളുടെ ഫോണ്‍വന്നു. ഇറ്റലിയിലെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും ഫോണ്വന്നിരുന്നെന്നും അടുത്ത ദിവസം തന്നെ ഇന്ത്യയിലേക്ക് പുറപ്പെടുമെന്നും അറിയിച്ചു. മാര്‍ച്ച് 15 ന് ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ മകള്‍ ഇന്ത്യയില്‍ എത്തിയെന്നും സുജയ് കുറിപ്പില്‍ പറഞ്ഞു.
വര്‍ഷങ്ങളായി മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുക മാത്രം ചെയ്തിരുന്ന ആളാണ് താന്‍. എന്നാല്‍ ഇന്ന് മോദി സര്‍ക്കാരിന്റ മഹത്വം തിരിച്ചറിയുന്നു. മകളുടെ രക്ഷകര്‍ത്താവ് താന്‍ മാത്രമാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇന്ന് മോദി സര്‍ക്കാരും മകളുടെ രക്ഷകര്‍ത്താവാണെന്ന് തിരിച്ചറിയുന്നു.
രക്ഷകര്‍ത്താവെന്ന പോലെ സുരക്ഷിതമായി മകളെ തന്റെ അടുക്കല്‍ എത്തിച്ച മോദി സര്‍ക്കാരിന് നന്ദി. മോദി സര്‍ക്കാരിനായി താന്‍ ഇനി മുതല്‍ പ്രവര്‍ത്തിക്കും. മകളെ സുരക്ഷിതമായി എത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ എംബസ്സിയ്ക്കും അധികൃതര്‍ക്കും അതിയായ നന്ദി ഉണ്ടെന്നും സുജയ് കൂട്ടിച്ചേര്‍ത്തു.