വേള്‍ഡ് റെസ്ലിംഗ് എന്റര്ടെയ്ന്മെന്റിന്റെ (WWE) ഏറ്റവും വലിയ പരിപാടിയായ റെസല്‍മേനിയ അടച്ചിട്ട വേദിയില്‍ സംഘടിപ്പിക്കാന്‍ തീരുമാനം. ആഗോള തലത്തില്‍ കോവിഡ് 19 ആശങ്ക പരത്തുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഫ്ളോറിഡയിലെ ഒര്‍ലാന്‍ഡോയിലാണ് റെസല്‍മേനിയ 36 നടക്കുക.
നേരത്തെ, ടംപ ബേയിലാണ് പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്. ഏപ്രില്‍ 5 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് റെസല്മേനിയയുടേയും മറ്റ് അനുബന്ധ പരിപാടികളുടേയും സംപ്രേഷണമുണ്ടാകും. നിലവില്‍ ഒര്‍ലാന്‍ഡോയിലെ പരിശീലന കേന്ദ്രത്തില്‍ അധികൃതര്‍ക്കു മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ.
ലോകമെമ്പാടും നിരവധി ആരാധകരുള്ള കായിക വിനോദമാണ് മല്ലന്മാരുടെ പോരാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന ഡബ്ല്യുഡബ്ല്യുഇ. റെസല്‍മേനിയ കാണാന്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും നിരവധി ആരാധകര്‍ എത്താറുണ്ടെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പ്, യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് കാണികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.