കൊറോണ വൈറസ് ബാധയെത്തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശ്വാസ പദ്ധതി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി അബുദാബിയിൽ സാലിക്ക് 2020 അവസാനം വരെ ഒഴിവാക്കി. ഇതിനോടൊപ്പം നിരവധി സർക്കാർ സേവനങ്ങളുടെ ഫീസിനത്തിലും ഇളവേർപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ വ്യവസായങ്ങൾക്കും പൊതുജനങ്ങൾക്കും ജല വൈദ്യുത നിരക്കിൽ സബ്സിഡി നൽകുന്നതിനായി അഞ്ച് ബില്യൺ ദിർഹം അനുവദിച്ചു.
എല്ലാ സർക്കാർ അനുബന്ധ ഇടപാടുകളും ബില്ലുകളും 15 പ്രവർത്തി ദിവസത്തിനകം തീർപ്പാക്കും.റെസ്റ്റോറന്റുകൾക്കും വിനോദ സഞ്ചാരമേഖലക്കും വാടകയിനത്തിൽ 20 ശതമാനം ഇളവ് ലഭിക്കും നിലവിലുള്ള വാണിജ്യ വ്യവസായ പിഴകൾ ഒഴിവാക്കും, ഒരു വർഷത്തേക്ക് റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഫീസിലുള്ള ഇളവ്, വർഷാവസാനം വരെ വ്യാവസായികാടിസ്ഥാനത്തിലുള്ള വാഹനങ്ങളുടെ വാർഷിക രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കും തുടങ്ങിയവയാണ് പദ്ധതിയിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ