മുംബൈ നഗരത്തില്‍ വ്യാപകമായി വ്യാജ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നതായി പരാതി. ഇതുമായി ബന്ധപ്പെട്ട് വക്കോള മേഖലയിലെ ഒരു ഫാക്ടറിയില്‍ നടത്തിയ പരിശോധനയില്‍ നിരവധി വ്യാജ സാനിറ്റൈസറുകള്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് വകുപ്പ് അധികൃതരാണ് ഫാക്ടറിയില്‍ പരിശോധന നടത്തിയത്.
സാനിറ്റൈസറുകള്‍ക്ക് ശരിയായ ആന്റി ബാക്ടീരിയല്‍ ഘടകങ്ങളില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. നിര്‍മ്മാണം നടത്തിയവര്‍ക്കെതിരെ അധികൃതര്‍ നടപടിയെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫാക്ടറി വെറും 8 ദിവസം മാത്രം മുന്‍പാണ് പ്രവര്‍ത്തനം ആരംഭിച്ചതെന്നും ലൈസന്‍സോ ബാച്ച് നമ്പറോ ഇല്ലെന്നും പരിശോധനയില്‍ വ്യക്തമായി.
സാനിറ്റൈസേഴ്സ് ഒന്നിന് 105 മുതല്‍ 180 വരെ രൂപയ്ക്കാണ് ഇവിടെ നിന്നും വിറ്റിരിക്കുന്നത്. രാജ്യത്ത് കോവിഡ് വൈറസ് പടരുന്ന സാഹചര്യത്തില്‍ നിരവധിയാളുകളാണ് സാനിറ്റൈസര്‍ വാങ്ങിയത്. അതേസമയം, ചില സാമൂഹിക വിരുദ്ധര്‍ വ്യാജ ഉത്്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മഹാരാഷ്ട്ര എഫ്ഡിഎ ജോയിന്റ് കമ്മീഷണര്‍ ഡോ. ഗഹാനെ വ്യക്തമാക്കി.