സംസ്ഥാനത്ത് കോവിഡ്-19 വൈറസ് പടരുന്ന സാഹചര്യത്തില്‍ മുന്‍ കരുതല്‍ നടപടികളുമായി കെഎസ്ആര്‍ടിസി. എല്ലാ കെഎസ്ആര്‍ടിസി ബസുകളും കഴുകി അണുവിമുക്തമാക്കിയ ശേഷമാകും സര്‍വീസ് നടത്തുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ജീവനക്കാര്‍ മാസ്കും സാനിറ്റൈസറുകളും കര്‍ശനമായും ഉപയോഗിച്ചിരിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, മലപ്പുറത്ത് വിദഗ്ധ പരിശോധനാ ഫലം ലഭിച്ച 130 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 196 സാമ്ബിളുകളാണ് പരിശോധനക്ക് അയച്ചിരിക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് കൊവിഡ് 19 പ്രതിരോധ മുഖ്യ സമിതിയുടെ അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ പറഞ്ഞു.
വൈറസ്ബാധയില്ലെന്നു സ്ഥിരീകരിച്ച 20 പേര് ആശുപത്രി വിട്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 32 പേര്‍ക്കു കൂടി ശനിയാഴ്ച മുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. 247 പേരാണ് ജില്ലയിലിപ്പോള്‍ പ്രത്യേക നിരീക്ഷണത്തിലുള്ളത്. 31 പേര് ഐസൊലേഷന്‍ വാര്‍ഡുകളിലും 216 പേര് വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമാണ്.