കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആളുകള്‍ അത്യാവശ്യ കാര്യമാണെങ്കില്‍ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇറ്റലിയില്‍ നിന്നും വര്‍ക്കലയിലെത്തിയ ആള് നിരവധി സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയതായി സ്ഥിരീകരിച്ചതിനു പിന്നാലെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രോഗം സ്ഥിരീകരിച്ച വിദേശി ഓരോ വര്‍ഷവും വര്‍ക്കലയില്‍ എത്തുന്നയാളാണ്. ഇയാള്‍ അവിടെയുള്ള പല കടകളിലും പോയിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ പ്രകടമായപ്പോള്‍ കണ്ട്രോള് റൂമില്‍ ബന്ധപ്പെടാതെ ഓട്ടോയില്‍ സഞ്ചരിച്ചത് വലിയ വീഴ്ചയാണ്. പത്താം തീയതിയാണ് ഇയാള്‍ക്ക് രോഗ ലക്ഷണം കണ്ടത്. ഇയാള്‍ക്ക് വര്‍ക്കലയിലെ കടകളുമായി നല്ല അടുപ്പമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
വീടുകളില്‍ നിരീഷണത്തിലുള്ളവര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നില്ലെന്നും കലക്ടര്‍ പറഞ്ഞു. കൂടുതല്‍ സ്ഥാപനങ്ങള്‍, മാളുകള്‍ എന്നിവ നിരീക്ഷിച്ച് വരികയാണ്. ബീച്ചുകള്‍, പാര്‍ലറുകള്‍ , ജിംനേഷ്യം എന്നിവ അടച്ചിടും. വര്ക്കലയിലുള്ളവര് കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സ്ഥിതി നിയന്ത്രിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.