ബംബ്രാണ വില്ലേജ് ഓഫീസില്‍ കയറി വനിത വില്ലേജ് ഓഫീസര്‍ക്കെതിരെ വധഭീഷണി മുഴക്കുകയും ജില്ലാ കലക്ടറെ വെല്ലുവിളിക്കുകയും ചെയ്ത സംഭവത്തില്‍ ഉളുവാര്‍ സ്വദേശിക്കെതിരെ കേസ്. ഓണന്ത ലത്തീഫ് എന്നയാള്‍ക്കെതിരെ കുമ്പള പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണമാരംഭിച്ചു. വധ ഭീഷണിമുഴക്കിയതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് മണല്‍ക്കടത്തു സംഘത്തലവനായ ലത്തീഫിനെതിരെ കേസെടുത്തത്.
ബംബ്രാണ വില്ലേജ് ഓഫീസര്‍ കീര്‍ത്തനയെയാണ് കഴിഞ്ഞ ദിവസം ഓഫിസിലെത്തിയ ലത്തീഫ് ഭീഷണിപ്പെടുത്തിയത്. മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം രൂപ അടയ്ക്കാത്തതിനെതിരായി ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം വില്ലേജ് ഓഫിസര്‍ റവന്യൂ റിക്കവറി നോട്ടീസ് ലത്തീഫിന്റെ വീട്ടില്‍ പതിച്ചിരുന്നു. ഇതറിഞ്ഞ് പ്രകോപിതനായ യുവാവ് ഓഫീസിലെത്തി കീര്‍ത്തനയ്ക്കെതിരെ വധഭീഷണി മുഴക്കി. താന്‍ കൊലപാതക കേസിലെ പ്രതിയാണെന്നു പറഞ്ഞുകൊണ്ടായിരുന്നു ഭീഷണി. തനിക്ക് ആരെയും പേടിയില്ലെന്നു പറഞ്ഞ് ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിനെ വെല്ലുവിളിക്കുകയും ചെയ്തു.
നേരത്തെ കലക്ടറുടെ ഉത്തരവ് കൈമാറാന്‍ എത്തിയപ്പോഴും വനിത വില്ലേജ് ഓഫീസറെ ഇയാള്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. കൊലപാതക കേസടക്കം ഒട്ടേറെ കേസിലെ പ്രതിയായ ലത്തീഫിനെതിരെ പരാതി നല്കാന് വനിത വില്ലേജ് ഓഫിസര്‍ ഭയപ്പെട്ടു. ഇതോടെയാണ് കാസര്‍കോട് ഡിവൈഎസ്പി പി.ബാലകൃഷ്ണന് നായരുടെ നിര്‍ദ്ദേശ പ്രകാരം കുമ്പള പോലീസ് കേസെടുത്തത്.