ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ ആളുകളിലേക്ക്. ബുര്‍ഖ ധരിച്ച് രത്തന്‍ ലാലിനെ ആക്രമിച്ച ആറ് സ്ത്രീകളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഫെബ്രുവരി 24ന് ഗോകുല്‍പുരിയില്‍ വെച്ചാണ് രത്തന്‍ ലാലിനെ സിഎഎ വിരുദ്ധ കലാപകാരികള്‍ കൊലപ്പെടുത്തിയത്. കലാപകാരികള്‍ക്കൊപ്പം നിരവധി സ്ത്രീകളുമുണ്ടായിരുന്നതായി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. പ്രദേശത്തുള്ള നിരവധി സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ആറ് സ്ത്രീകളെ തിരിച്ചറിഞ്ഞിരിക്കുന്നത്.
ഇവരെ തിരിച്ചറിഞ്ഞതോടെ അറസ്റ്റ് നടപടികളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് ഡല്‍ഹി പോലീസ്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ കൂടുതല്‍ ആളുകളെക്കുറിച്ച് വിവരം ലഭിക്കുമെന്ന നിഗമനത്തിലാണ് പോലീസ്. വീഡിയോ ദൃശ്യങ്ങളില്‍ ബുര്‍ഖ ധരിച്ച 70 മുതല്‍ 80 വരെ സ്ത്രീകള്‍ ഉണ്ടെന്ന് വ്യക്തമായിരുന്നു. ഇവര്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിന്റേയും പോലീസിനു നേരെ കല്ലെറിയുന്നതിന്റേയും ദൃശ്യങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.