മലപ്പുറം: കെ.കെ ശൈലജ എം.എൽ.എക്ക് പരോക്ഷ മറുപടി നൽകി കെ.ടി ജലീൽ എം.എൽ.എ. ‘തലപോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, വിശ്വസിക്കാം. 101%’ എന്നായിരുന്നു കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കശ്മീർ പരാമർശവുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സഹിതമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം നിയമസഭയിൽ ലോകായുക്ത (ഭേദഗതി) ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ കെ.കെ ശൈലജ എം.എൽ.എയുടെ ‘ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കും’ എന്ന ആത്മഗതം ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. കെ.ടി ജലീൽ സംസാരിക്കാന്‍ ഇടപെട്ട സമയത്തായിരുന്നു ശൈലജയുടെ ആത്മഗതം. ഇതോടെയാണ് ഇത് ജലീലിനെ ഉദ്ദേശിച്ചുള്ളതാണെന്ന വ്യാഖ്യാനം വന്നത്. മൈക്കിലൂടെ ഉച്ചത്തില്‍ കേള്‍ക്കുകയായിരുന്നു.
എന്നാൽ ജലീലിന്റെ ചോദ്യത്തിന് വഴങ്ങി സീറ്റില്‍ ഇരിക്കുമ്പോള്‍ പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്ന് കരുതി തൊട്ടടുത്തിരുന്ന സജി ചെറിയാനോട് താൻ പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിക്കുന്നത് ഖേദകരമാണെന്ന് ശൈലജ പ്രതികരിച്ചു. ജലീലിനെതിരെയാണ് തന്റെ പരാമർശം എന്ന ആരോപണം അടിസ്ഥാനരഹിതവും ദുരുപദിഷ്ടവുമാണെന്ന് അവർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.