കൊറോണ പടര്‍ന്ന് ഇറ്റലിയില്‍ നിന്നെത്തിയവര്‍ മതിയായ മുന്‍കരുതല്‍ എടുക്കാഞ്ഞത് കാരണമുണ്ടായ സംഭവ വികാസങ്ങളാണിപ്പോള്‍ ചര്‍ച്ചാവിഷയം. എന്നാല്‍ അതിനിടയില്‍ മലപ്പുറം സ്വദേശി രേഷ്മ ചെയ്ത കാര്യം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഇറ്റലിയില്‍ നിന്നെത്തിയ ഉടനെ തെന്റ യാത്ര സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ച് പരിശോധനക്ക് വിധേയയാവുകയും കൊറോണ ലക്ഷണങ്ങളില്ലാതിരുന്നിട്ടും വീട്ടില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ് രേഷ്മ. നൗഷാദ് പൊന്മള എന്ന വ്യക്തി സുഹൃത്ത് രേഷ്മയുടെ അനുഭവം പരാമര്‍ശിച്ച് എഴുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
ഇറ്റലിയില്‍ നിന്നു വന്ന മൂന്നു പേര് ആ വിവരം മറച്ചു വെച്ച് വീട്ടില്‍ പോവുകയും, മറ്റുള്ളവര്‍ക്ക് രോഗം പകരാന്‍ ഇടയവുകയും ചെയ്തല്ലോ. ഇതേ സമയത്താണ് എന്റെ സുഹൃത്തിനെ കുറിച്ച് ഒരു പോസ്റ്റ് ഇടണം എന്ന് തോന്നിയത്. പ്രിയ സുഹൃത്ത് രേഷ്മയും, ഭര്‍ത്താവ് അകുല്‍ പ്രസാദും കഴിഞ്ഞ മാസം 21ന് ഇറ്റലിയില്‍ ആയിരുന്നു. ആ ദിവസങ്ങളിലാണ് ഇറ്റലിയില്‍ കൊറോണ വ്യാപകമാവുകയും ആളുകള്‍ മരിക്കുകയും ചെയ്തത്. അവര്‍ പിന്നീട് അവിടെ നിന്ന് ഡെന്മാര്ക്കില് എത്തിയ ഉടനെ, അവിടെ യുള്ള ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ടു.
വിവരങ്ങള്‍ അറിയിച്ചപ്പോള്‍ ഡോക്ടര്‍ അവിടെ വീട്ടില്‍ ഇരിക്കാനും, പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാനും ആവശ്യപ്പെടുകയാണ് ചെയ്തത് . രണ്ടാഴ്ചക്ക് ശേഷം ആണ് അവള് നാട്ടിലേക്ക് ദോഹ വഴി തിരിച്ചു വരുന്നത്. ഡെന്മാര്ക്കിലും ദോഹയിലുമൊന്നും എയര്‍പോര്‍ട്ടില്‍ നിന്ന് കൊറോണ യെ കുറിച്ച് ചോദ്യങ്ങളോ, പരിശോധന യോ ഒന്നും ഉണ്ടായില്ലത്രേ.പിന്നീട് കൊച്ചിയിലെത്തിയ സമയത്താണ് ഇവിടെ എയര്‍പോര്‍ട്ടില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വിവരങ്ങള്‍ എല്ലാം ശേഖരിച്ചിരുന്നത് . ഇടക്ക് യാത്ര ചെയ്യുന്ന യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളുടെ വിവരങ്ങളൊന്നും പാസ്പോര്ട്ടില് കാണില്ല. അതുകൊണ്ടുതന്നെ ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്ന് പാസ്പോര്‍ട്ട് നോക്കിയാല്‍ മനസ്സിലാക്കാന്‍ പറ്റില്ല. യാത്രക്കാരന് തന്നെ സ്വയം വിവരങ്ങള്‍ കൊടുക്കണം. അവള് ആരോഗ്യ പ്രവര്‍ത്തകരുടെ അടുത്ത് , പോയ രാജ്യങ്ങളുടെ വിവരങ്ങള്‍ എല്ലാം നല്കി.