യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സുഹൃത്തിന് ഏഴ് കോടി രൂപ പിഴ വിധിച്ച് കോടതി. യുവതിയ്ക്ക് നഷ്ടപരിഹാരമായി തുക നല്‍കണമെന്നാണ് കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അയര്‍ലണ്ടിലാണ് സംഭവം. പ്രതിയ്ക്ക് ആദ്യം ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്ന കോടതി പിന്നീട് ഇത് 15 മാസമാക്കി കുറച്ചു. ഡബ്ലിന്‍ സ്വദേശിനിയായ യുവതിയെയാണ് നോര്‍വെ സ്വദേശിയായ ആണ് സുഹൃത്ത് പീഡനത്തിനിരയാക്കിയത്. നിരന്തരമായ പീഡനത്തിനിരയായ യുവതി മാനസികമായി തളര്‍ന്നെന്നും ഇപ്പോള്‍ മാനസിക വൈകല്യങ്ങള്‍ നേരിടുകയാണെന്നും കോടതി നിരീക്ഷിച്ചു.
എവിടെ പോയാലും താന്‍ സുരക്ഷിതയല്ല എന്ന ചിന്തയാണ് അലട്ടുന്നതെന്ന് യുവതി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും യുവതി കോടതിയില്‍ പറഞ്ഞു. മനശാസ്ത്ര വിദഗ്ധനും യുവതിയുടെ മാനസിക നിലയെ കുറിച്ച് കോടതിയെ ബോധിപ്പിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് ഏഴ് കോടി രൂപ യുവതിയ്ക്ക് നല്‍കണമെന്ന് കോടതി വിധിച്ചത്. പ്രതിയും യുവതിയും തമ്മില്‍ അടുപ്പത്തിലായിരുന്ന സമയത്താണ് ഇയാള്‍ പീഡനം നടത്തുന്നത്. യുവതിയെ ഉപദ്രവിച്ചെന്നും ലൈംഗികമായി അതിക്രമം നടത്തിയെന്നും പ്രതി കോടതിയില്‍ സമ്മതിച്ചിരുന്നു.