മനാമ: ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവമായ മകരവിളക്ക് ബഹറിനിലെ വിവിധയിടങ്ങളിൽ ആഘോഷിച്ചു. സൽമാനിയ ഇരിങ്ങൽ അയ്യപ്പ ക്ഷേത്രത്തിൽ നടന്ന ചടങ്ങിന് പ്രഭുൽ ശാന്തി മുഖ്യ കാർമികത്വം വഹിച്ചു. പ്രത്യേക നെയ്യഭിഷേകം, ഭജന, മഹാപ്രസാദം, എന്നിവയിൽ അറുനൂറിൽ പരം പേർ പങ്കെടുത്തു. രഞ്ജിത്ത് വി.പി , ഷാനു, ദിലീപ്, വിജയൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. അറാദ് അയ്യപ്പ ക്ഷേത്രത്തിലെ പ്രത്യേക പൂജയ്ക്ക് സുഭാഷ് സ്വാമി നേതൃത്വം നൽകി. അയ്യപ്പ ഭക്തിഗാനാലാപനം ശ്രദ്ധേയമായി.
വിശേഷാൽ പൂജകൾക്ക് ശേഷം അറുപതു ദിവസത്തെ ആഘോഷത്തിന് കൊടിയിറങ്ങി. അറാദ് അയ്യപ്പ സേവാ സമിതി നേതൃത്വം നൽകിയ ചടങ്ങിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. മകരവിളക്കിനോടനുബന്ധിച്ചു ബഹറിൻ അയ്യപ്പ സമാജം സംഘടിപ്പിച്ച സൂര്യ സംഗീതത്തിൽ സൂര്യഗായത്രിയും സംഘവും കലാപരിപാടികൾ അവതരിപ്പിച്ചു.