പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇപ്പോഴും എച്ച് ആർ ഡി എസിന്റെ ഭാഗമാണെന്ന് സംഘടനയുടെ സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ. സ്വപ്നയെ പേ റോളിൽ നിന്ന് മാത്രമാണ് മാറ്റിയത്. വിദേശ ഫണ്ട് ലഭിക്കാൻ സ്വപ്നയുടെ സഹായം അത്യാവശ്യമാണ്. അതിനാൽ സ്വപ്നക്ക് എച്ച് ആർ ഡിഎസിൽ ഉന്നത പദവി നൽകിയിരിക്കുകയാണെന്നും അജി കൃഷ്ണൻ പറഞ്ഞു. സഹായം അത്യാവശ്യമായതിനാലാണ് അവരെ ഒപ്പം നിർത്തുന്നതെന്നും അജി കൃഷ്ണൻ കൂട്ടിച്ചേർത്തു.
സ്വപ്നയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിപിഐഎമ്മിൽ നിന്നു പോലും പലരും വിളിച്ചെന്നും അജി കൃഷ്ണൻ ആരോപിച്ചു. എന്തിനാണ് സ്വപ്നയെ ജോലിക്ക് നിർത്തുന്നത് എന്ന് പലരും ചോദിച്ചു. പുറത്താക്കാൻ വലിയ സമ്മർദ്ദമുണ്ടായിരുന്നതായും അജി കൃഷ്ണൻ ആരോപിച്ചു. ചോദ്യം ചെയ്യലിൽ ഇക്കാര്യം പൊലീസും നിരന്തരം ചോദിച്ചു. സ്വർണക്കടത്ത് കേസിൽ സ്വപ്നക്ക് തെറ്റുപറ്റിയതാണ്. അക്കാര്യം അവർ ഏറ്റുപറഞ്ഞതാണെന്നും അജി കൃഷ്ണൻ പറഞ്ഞു. എച്ച്ആര്‍ഡിഎസിനെ സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുകയാണ്. കൂടുതൽ അന്വേഷണ ഏജൻസികളാണ് ഇപ്പോൾ തന്നെ ചോദ്യം ചെയ്യുന്നതെന്നും അജി കൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് സ്വര്‍ണക്കടത്തിൽ പങ്കുണ്ട്. ഒരു കമ്മ്യൂണിസ്റ്റുകാരന് വേണ്ട യാതൊരു ഗുണവും മുഖ്യമന്ത്രിക്കില്ലെന്നും അജി കൃഷ്ണൻ വിമർശിച്ചു.