ന്യൂഡൽഹി: ഇന്ത്യക്കാരെ യുക്രെയ്ൻ സൈന്യം ബന്ദികളാക്കി വച്ചിരിക്കുകയാണെന്ന റഷ്യൻ വാദം തള്ളി ഇന്ത്യ. ഇന്ത്യക്കാരെ രക്ഷിക്കാൻ യുക്രെയ്ൻ സഹകരിക്കുന്നുണ്ട്. യുക്രെയ്ൻ ഇന്ത്യക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകൾ ഇല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
യുക്രെയ്നിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ തങ്ങളുടെ സൈന്യം തയ്യാറാണെന്ന് റഷ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യ മുന്നോട്ട് വച്ച നിർദ്ദേശം പോലെ റഷ്യൻ പ്രദേശത്ത് നിന്ന് സ്വന്തം സൈനിക, ഗതാഗത വിമാനങ്ങളോ ഇന്ത്യൻ വിമാനങ്ങളോ ഉപയോഗിച്ച് അവരെ നാട്ടിലേക്ക് അയക്കുമെന്നും എംബസി ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഇന്ത്യക്കാരെ യുക്രൈൻ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്നും റഷ്യ ആരോപിച്ചു.
എന്നാൽ റഷ്യയുടെ ആരോപണങ്ങളെ യുക്രെയ്നും തള്ളിക്കളഞ്ഞു. റഷ്യ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും, ഇന്ത്യക്കാരെ രക്ഷപെടുത്താൻ ആവശ്യമായതെല്ലാം തങ്ങൾ ചെയ്യുമെന്നുമാണ് യുക്രെയ്ൻ പറഞ്ഞത്. അതേസമയം ഇന്ന് കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ ഖാർകീവ് വിട്ടു. 270 വിദ്യാർത്ഥികൾ ട്രെയിനിൽ ലിവിവിലേക്ക് തിരിച്ചതായാണ് വിവരം ലഭിച്ചിരിക്കുന്നത്.