കീവ്: ഏത് വിധേനേയും യുക്രെയ്ൻ തലസ്ഥാനമായ കീവ് വിടാൻ ഇന്ത്യക്കാർക്ക് നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. വിദ്യാർത്ഥികളുൾപ്പെടെയുള്ള ഇന്ത്യക്കാർ ലഭ്യമാകുന്ന ട്രെയിനുകളിലോ ബസുകളിലോ കയറി കീവ് വിടണമെന്നാണ് എംബസി നിർദ്ദേശം നൽകിയിരിക്കുന്നത്.
യുക്രെയ്നിൽ റഷ്യൻ അധിനിവേശം ആറാം ദിവസത്തിലേക്ക് എത്തി നിൽക്കുമ്പോൾ ഏത് വിധേനേയും തലസ്ഥാനം കീഴടക്കണമെന്ന് ഉറപ്പിച്ചാണ് റഷ്യൻ സേന യുദ്ധം തുടരുന്നത്. റഷ്യയുടെ 40 മൈലോളം നീളം വരുന്ന വാഹന വ്യൂഹം കീവ് ലക്ഷ്യമാക്കി നീങ്ങികൊണ്ടിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട്. യുഎസ് കമ്പനിയായ മാക്സർ പുറത്ത് വിട്ട ഉപഗ്രഹ ചിത്രത്തിലാണ് റഷ്യൻ അധിനിവേശം വ്യക്തമായി കാണാൻ സാധിക്കുന്നത്.