ന്യൂഡൽഹി: യുക്രെയ്ൻ അതിർത്തി വഴി ഇന്ത്യക്കാരെ പോളണ്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്ന ശിവസേന എംപിയുടെ ആരോപണങ്ങൾ നിഷേധിച്ച് ഇന്ത്യയിലെ പോളണ്ട് അംബാസഡർ ആദം ബുറാക്കോവ്സ്കി. ശിവസേന എംപി പ്രിയങ്ക ചതുർവേദിയാണ് പോളണ്ടിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പോളണ്ടിലേക്ക് പ്രവേശനം നിഷേധിക്കുകയാണെന്നാണ് ഇന്ത്യയിലെ പോളണ്ടിന്റെ എംബസിയെ ടാഗ് ചെയ്ത് കൊണ്ട് പ്രിയങ്ക ആരോപിച്ചത്.
എന്നാൽ സമൂഹമാദ്ധ്യമങ്ങളിൽ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മുൻപ് അതിനെക്കുറിച്ച് കൃത്യമായി അന്വേഷിക്കണമെന്നായിരുന്നു വിഷയത്തിൽ ബുറക്കോവ്സ്കി പ്രിയങ്കയ്ക്ക് മറുപടി നൽകിയത്. യുക്രെയ്നിൽ നിന്നുള്ള ആർക്കും പ്രവേശനം നിഷേധിച്ചിട്ടില്ല. സമൂഹമാദ്ധ്യമത്തിൽ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മുൻപ് അതിന്റെ ഉറവിടം പരിശോധിക്കണം. ഈ സമയം വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പ്രിയങ്കയോട് ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.
പ്രവേശനം നിരോധിക്കപ്പെട്ടുവെന്ന് പറയപ്പെടുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ അറിയിക്കാൻ ബുറക്കോവ്സ്കി നിർദ്ദേശിച്ചുവെങ്കിലും, ഏതാനും വിദ്യാർത്ഥികൾ ഒരുമിച്ച് നിൽക്കുന്ന ഒരു ഫോട്ടോ മാത്രമാണ് മറുപടിയായി പ്രിയങ്ക നൽകിയത്. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല. മാത്രമല്ല ആരേയും ടാഗ് ചെയ്യാതെയാണ് പ്രശ്നം ഉന്നയിച്ചതെന്നും, തനിക്ക് വ്യക്തിപരമായി മറുപടി അയച്ചതിൽ അതൃപ്തി ഉണ്ടെന്നും മറ്റൊരു ട്വീറ്റിൽ പ്രിയങ്ക വീണ്ടും പറഞ്ഞു.