ന്യൂഡൽഹി : മികച്ച കായിക താരത്തിനുള്ള വേർഡ് ഗെയിംസ് പുരസ്കാരം ഒളിമ്പിക്സ് ഹോക്കി ചാമ്പ്യൻ പിആർ ശ്രീജേഷിന്. കഴിഞ്ഞ വർഷത്തെ ടോക്കിയോ ഒളിമ്പിക്സിൽ ഉൾപ്പെടെയുള്ള പ്രകടനം പരിഗണിച്ചാണ് അത്ലറ്റ് ഓഫ് ദി ഇയർ പുരസ്കാരം ശ്രീജേഷിന് നൽകിയത്. വേൾഡ് ഗെയിംസ് പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരം കൂടിയാണ് ശ്രീജേഷ്.
സ്പെയിനിന്റെ സ്പോർട്സ് ക്ലൈമ്പർ ആൽബെർട്ടോ ജിനസ് ലോപ്പസിനെയും, ഇറ്റലിയുടെ വുഷു താരം മിഷേൽ ജിയോർഡാനോയെയും പിന്തള്ളിയാണ് ശ്രീജേഷ് പുരസ്കാരം നേടിയത്. വോട്ടെടുപ്പിലൂടെയാണ് ശ്രീജേഷ് വിജയം കൈവരിച്ചത്. ഇന്ത്യൻ ഹോക്കി താരം 1,27,647 വോട്ടുകൾ നേടിയപ്പോൾ ലോപ്പസിന് 67,428 വോട്ടുകളും, ജിയോർഡാനോയ്ക്ക് 52,046 വോട്ടുകളും മാത്രമേ നേടാനായുള്ളൂ.
ഈ അവാർഡ് നേടിയതിൽ വളരെയധികം അഭിമാനമുണ്ട്. ഇത് നൽകാൻ തന്നെ പരിഗണിച്ചതിൽ ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന് നന്ദി അറിയിക്കുന്നതായി ശ്രീജേഷ് പറഞ്ഞു. തന്നെ വോട്ട് ചെയ്ത് പിന്തുണച്ച ലോകമെമ്പാടുമുളള ഇന്ത്യൻ ഹോക്കി പ്രേമികൾക്കും ഒരായിരം നന്ദിയെന്ന് താരം വ്യക്തമാക്കി.
2020 ൽ ഇന്ത്യൻ വനിതാ ഹോക്കി ക്യാപ്റ്റൻ റാണി റാംപാലും മികച്ച താരത്തിനുള്ള പുരസ്കാരം നേടിയിരുന്നു.