തിരുവനന്തപുരം: കൊവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഉതകുന്ന ബജറ്റാണ് കേരളം പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി ബാലഗോപാൽ. കേരളത്തിൻ്റെ ഭാവി പദ്ധതിയായ സിൽവർലൈനുള്ള സാമ്പത്തിക സഹായം വകയിരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഞ്ചിക്കോട് കോച്ച് ഫാക്ടറിയും എയിംസും ഈ ബജറ്റിൽ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യവികസനം, നിർമ്മാണ പ്രവർത്തികൾ തുടങ്ങിയവയ്ക്ക് കൂടുതൽ പണം മാറ്റിവയ്ക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
ജി.എസ്.ടി നഷ്ടപരിഹാരം അഞ്ചുവർഷത്തേക്ക് നീട്ടണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പ്പാ പരിധി ഉയർത്തുകയും വൻകിട പദ്ധതികൾക്കായി എടുക്കുന്ന വായ്പകളെ ധന ഉത്തരവാദ നിയമത്തിൽ നിന്ന് ഒഴുവാക്കുകയും വേണം. മടങ്ങി എത്തുന്ന പ്രവാസികൾക്ക് പ്രത്യേക പാക്കേജും കേരളം പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാന സർക്കാരുകൾക്ക് കടമെടുപ്പ് പരിധി ഉയർത്തണം. റബ്ബറിന് താങ്ങ് വിലയും വിളകൾക്ക് പ്രത്യേക സഹായവുമാണ് കാർഷിക മേഖലയിൽ വേണ്ടത്.
കെ റെയിൽ പോലെ വലിയ മൂലധന നിക്ഷേപമുള്ള പദ്ധതികൾക്ക് കൂടുതൽ സഹായം വേണമെന്ന് കേരളം ആവശ്യപ്പെട്ടു. കേരളത്തിൻ്റെ ഭാവിയിലേക്കുള്ള പദ്ധതി കൂടിയാണ് സിൽവർ ലൈൻ. പദ്ധതി പൂർത്തിയാക്കാൻ കേന്ദ്രം സഹായം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.