കോട്ടയം: കോട്ടയത്തെ ഏറ്റുമാനൂരില്‍ കെ.എസ്.ആര്.ടി.സി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 16 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നിലഗുരുതരം. പുലര്‍ച്ചെ രണ്ടരയോടെ ഏറ്റുമാനൂര്‍ അടിച്ചിറ ഭാഗത്താണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി മാട്ടുപ്പെട്ടിക്ക് പോവുകയായിരുന്നു സൂപ്പര്‍ ഫാസ്റ്റ് ബസ്.
കണ്ടക്ടറും ഡ്രൈവറും അടക്കം 46 പേര് ബസില്‍ ഉണ്ടായിരുന്നു. ഗാന്ധിനഗറില്‍ യാത്രക്കാരനെ ഇറക്കിയ ശേഷം വരുമ്ബോള്‍ അടിച്ചിറ വളവില്‍ നിയന്ത്രണംവിട്ട ബസ് രണ്ട് പോസ്റ്റുകളില്‍ ഇടിച്ച ശേഷം മറിയുകയായിരുന്നു.
അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഗതാഗതം സ്തംഭിച്ചു. ബ്രേക്ക് നഷ്ടപ്പെട്ടതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.