തിരുവനന്തപുരം: ഇ-ഗവേണന്‍സ് രംഗത്തെ നൂതന ആശയങ്ങള്‍ക്കും സംരംഭങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ദേശീയ ഇ-ഗവേണന്‍സ് പുരസ്കാരം കേരള പോലീസിന്റെ സോഷ്യല്‍ മീഡിയാ വിഭാഗത്തിന്.
വാര്‍ത്താവിനിമയം, വിവര സാങ്കേതികവിദ്യ എന്നിവയുപയോഗിച്ചു കേരളാ പോലീസ് സോഷ്യല്‍ മീഡിയ വിഭാഗം നടത്തിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കാണ് ഈ മേഖലയിലെ മികവിന് സ്വർണ്ണപ്പതക്കം ലഭിച്ചത്. ജനുവരി ഏഴ്, എട്ട് തീയതികളിൽ ഹൈദരാബാദില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. പോലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് എബ്രഹാമിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സോഷ്യൽ മീഡിയ വിഭാഗം പ്രവർത്തിക്കുന്നത്.
സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവ നൂതനവും ജനോപകാരപ്രദവുമായ സേവനങ്ങള്‍ വികസിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ഇ- ഗവേണന്‍സ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ലോക്ഡൗണ്‍ കാലത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പകര്‍ച്ചവ്യാധി വ്യാപനത്തിനെതിരെ കാര്യക്ഷമമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളാണ് പോലീസ് സോഷ്യല്‍ മീഡിയ വിഭാഗം ചെയ്തത്. പോസ്റററുകള്‍, വീഡിയോ എന്നിവയുള്‍പ്പെടെ ജനങ്ങളില്‍ കോവിഡ് അവബോധം സൃഷ്ടിക്കുന്നതിന് അതീവ പ്രാധാന്യം നല്‍കിയായിരുന്നു ബോധവത്ക്കരണം. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കുന്ന രീതിയില്‍ രോഗവ്യാപനവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ അതിശക്തമായ ക്യാമ്പയിനുകളും നടത്തി.
അടച്ചിടല്‍ കാലത്ത് പൊതുജനങ്ങള്‍ ഏറെ ആശ്രയിച്ച ബി-സെയ്ഫ് പാസ്, ഷോപ്പിംഗ് ആപ്പ്, ടെലിമെഡിസിന്‍ ആപ്പ് എന്നിവ പരിചയപ്പെടുത്തുന്നതിനും സുഗമമമായി ഉപയോഗിക്കുന്നതിനുമുളള നിര്‍ദ്ദേശങ്ങളും സോഷ്യല്‍മീഡിയ വഴി നല്കാന് പ്രത്യേക ശ്രദ്ധചെലുത്തി. സാങ്കേതികവിദ്യ ഉപയോഗിച്ച് കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിനായി CODE-VID-19 എന്ന പേരില്‍ നടത്തിയ ഹാക്കത്തോണും ശ്രദ്ധേയമായി. പോലീസിന്റെ മൊബൈല്‍ ആപ്പായ പോല്‍-ആപ്പ് വഴിയുളള സേവനങ്ങള്‍ ഏറെ ജനകീയമാക്കാനും സോഷ്യല്‍ മീഡിയ വിഭാഗത്തിന് കഴിഞ്ഞു.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരമ്പരാഗത പൊതുജനസമ്പര്‍ക്ക രീതികളില്‍ നിന്ന് വ്യത്യസ്തമായി നവമാധ്യമങ്ങളിലൂടെയുള്ള ജനകീയ ഇടപെടലിന് നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളും അവാർഡ് നിർണ്ണയത്തിന് പരിഗണിച്ചു. പോലീസിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങളും മുന്നറിയിപ്പുകളും ട്രാഫിക്, സൈബര്‍ സംബന്ധമായ ബോധവല്‍ക്കരണവും നിയമകാര്യങ്ങളും തുടങ്ങി ജനങ്ങള്‍ക്ക് പ്രയോജനകരമായ വിവരങ്ങള്‍ പോലീസിന്റെ നവമാധ്യമങ്ങളിലൂടെ നൽകിവരുന്നു.
ട്രോളുകളിലൂടെയും വീഡിയോകളിലൂടെയും രസകരമായ മറുപടികളിലൂടെയും മലയാളിമനസുകളെ കീഴടക്കിയ കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് 18 ലക്ഷം ഫോളോവേഴ്സുമായി ലോകത്തെ സ്റ്റേറ്റ് പോലീസ് ഫേസ്ബുക് പേജുകളില്‍ മുന്‍നിരയിലാണ്.