തിരുവനന്തപുരം : സംസ്ഥാനത്തെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം പോലീസ് ആസ്ഥാനത്ത് ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവിമാരും വിവിധ വിഭാഗങ്ങളിലെ എസ്.പിമാരും ഡി.ഐ.ജിമാരും ഐ.ജിമാരും എ.ഡി.ജി.പിമാരും പങ്കെടുക്കുന്നുണ്ട്.
പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ പകരുന്നതിന് ആവശ്യമായ നിര്‍ദ്ദേശം നല്കാന് വേണ്ടിയാണ് ഇത്തരമൊരു യോഗം സംഘടിപ്പിക്കുന്നതെന്ന് ഓഫീസര്‍മാരെ അഭിസംബോധന ചെയ്ത് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. പോലീസ് നിര്‍വ്വഹണത്തില്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പട്ടികജാതി – പട്ടികവര്‍ഗ വിഭാഗങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനും അവരുടെ പരാതികളിന്മേല് എത്രയുംവേഗം നടപടി കൈക്കൊള്ളാനും പ്രത്യേകം ശ്രദ്ധിക്കണം. ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണം. പോക്സോ കേസുകളില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണം. കോടതികള്‍ക്ക് മുമ്പാകെയുള്ള കേസുകളില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ സ്വീകരിക്കണം.
വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളണം. രാവിലെയും വൈകുന്നേരവും കൂടാതെ രാത്രിയും പോലീസ് പട്രോളിംഗ് സജീവമാക്കണം. ഓണ്‍ലൈനില്‍ ലഭിക്കുന്ന പരാതികളില്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.
കോവിഡ് വ്യാപനത്തിനുശേഷം ആദ്യമായാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ഉന്നതതലയോഗം പോലീസ് ആസ്ഥാനത്ത് നേരിട്ടുചേരുന്നത്.