ന്യൂഡൽഹി: രാജ്യത്തിന്റെ മാനംകാക്കാൻ നിയുക്തനായ സംയുക്ത സൈന്യാധിപൻ ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും 11 ഓഫീസർമാരുടെയും ഭൗതികശരീരങ്ങളിൽ അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം. ഇന്നലെ രാത്രി എട്ടിന് ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങളിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മൂന്ന് സേനാ മേധാവിമാർ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
വിടവാങ്ങിയവരുടെ കുടുംബാംഗങ്ങളിൽ ഓരോരുത്തരുടെയും മുന്നിൽ തൊഴുകൈയോടെ നമസ്കരിക്കുന്ന പ്രധാനമന്ത്രിയുടെ ദൃശ്യം വികാരനിർഭരമായിരുന്നു. ഇന്ത്യയിലെ 138 കോടിയിൽപ്പരം ജനങ്ങളും ഒരേ മനസോടെ നമസ്കരിക്കുകയായിരുന്നു അപ്പോൾ.
റാവത്തിന്റെയും ഭാര്യയുടെയും ഭൗതിക ദേഹങ്ങൾ ഇന്ന് കാമരാജ് മാർഗിലെ വസതിയിൽ പൊതുദർശനത്തിന് വച്ച ശേഷം ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിൽ വൈകിട്ട് മൂന്ന് മണിയോടെ സംസ്കരിക്കും. പൊതുദർശനത്തിൽ പൊതുജനങ്ങൾക്കും അന്ത്യാഞ്ജലി അർപ്പിക്കാം. അപകടത്തിൽ മരണപ്പെട്ട മറ്റുള്ളവരുടേത് ഡി എൻ എ പരിശോധന ഫലം ലഭിച്ച് തിരിച്ചറിഞ്ഞ ശേഷം അവരവരുടെ നാടുകളിലേക്ക് കൊണ്ടുപോകും.