തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ബസുടമകളുമായി ഇന്ന് ചര്‍ച്ച നടത്തും. വൈകുന്നേരം 4.30ന് തിരുവനന്തപുരത്താണ് ചര്‍ച്ച നടക്കുന്നത്.
ബസുടമകളുടെ ആവശ്യങ്ങളില്‍ പത്ത് ദിവസത്തിനുള്ളില്‍ പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി അറിയിച്ചിരുന്നു. മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് മിനിമം ആറ് രൂപയാക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ പ്രധാനമായും മുന്നോട്ട് വച്ചിരിക്കുന്നത്. 2018ല്‍ ഡീസലിന് 63 രൂപയായിരുന്നപ്പോഴാണ് അവസാനമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. അന്ന് എട്ട് രൂപയാണ് ഉയര്‍ത്തിയത്. ഇപ്പോള്‍ ഡീസല്‍ വില 95 രൂപയായി ഉയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജും വിദ്യാര്‍ത്ഥികളുടെ നിരക്കും വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.