തിരുവനന്തപുരം : ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തി ഭാര്യയുടെ കാമുകനെ വിളപ്പില്‍ശാല പോലീസ് അറസ്റ്റു ചെയ്തു. കേസില്‍ രണ്ടുവര്‍ഷമായി ഒളിവിലായിരുന്ന നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്തുവീട്ടില്‍ കെ.വിഷ്ണു(30)വാണ് അറസ്റ്റിലായത്.
2019 സെപ്റ്റംബര്‍ എട്ടിനാണ് വിളപ്പില്‍ശാല പുറ്റുമ്മേല്‍ക്കോണം ചാക്കിയോടുള്ള വീട്ടില്‍ ഡ്രൈവറായ ശിവപ്രസാദിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. തച്ചോട്ടുകാവിലെ ഗ്യാസ് ഏജന്‍സിയില്‍ ജീവനക്കാരിയായിരുന്ന ശിവപ്രസാദിന്റെ ഭാര്യയും, അവിടത്തെ ജീവനക്കാരന് വിഷ്ണുവുമായി അടുപ്പത്തിലായി. വിഷ്ണു ബന്ധുവാണെന്ന് യുവതി, ഭര്‍ത്താവിനെ ധരിപ്പിച്ചിരുന്നു. അതിനാല്‍ അവരുടെ വീട്ടിലും ഇയാള്‍ക്ക് അമിതസ്വാതന്ത്ര്യമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
ഇവര്‍ തമ്മിലുള്ള അശ്ലീല വീഡിയോ കാണാനിടയായതാണ് ശിവപ്രസാദിനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ശിവപ്രസാദ് തൂങ്ങിമരിച്ച മുറിയിലെ ചുമരില്‍, മരണത്തിന് ഉത്തരവാദി വിഷ്ണുവാണെന്ന് എഴുതിവെച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇപ്പോള്‍ വിഷ്ണുവിനൊപ്പമാണ് യുവതി താമസിക്കുന്നത്. കേസില്‍ രണ്ടാംപ്രതിയായ വിഷ്ണു പാലക്കാടുള്ള അലൂമിനിയം കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.