തിരുവനന്തപുരം: നെയ്യാറില്‍വീണ് ഒന്നരവയസ്സുകാരി മരിച്ചു. നെയ്യാറ്റിന്‍കര പാലക്കടവ് തോട്ടത്ത് വിളാകത്ത് വീട്ടില്‍ കെ.പി.എ. ബറ്റാലിയനിലെ പോലീസുകാരനായ സജിന്റെയും ആതിരയുടെയും ഏകമകള്‍ അനാമികയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.ആതിര മകൾ അനാമികയെ കുളിപ്പിക്കാനായി എണ്ണ തേച്ച് നിർത്തിയിരിക്കുകയായിരുന്നു.
കുളിപ്പിക്കാനായി മകളെ നോക്കുമ്പോൾ കാണാനില്ലായിരുന്നു. ഇവരുടെ വീടിന്റെ പരിസരത്ത് തന്നെയുള്ള വീട്ടിലാണ് ആതിരയുടെ അച്ഛൻ സുധാകരനും സഹോദരനും താമസിക്കുന്നത്. കുട്ടി മുത്തച്ഛന്റെ കൂടെ വീട്ടിലുണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ അവിടെയും കുഞ്ഞിനെ കാണാതായതിനെ തുടർന്നാണ് തിരച്ചിൽ നടത്തിയത്.
ഇവരുടെ വീടിനോട് ചേർന്നുള്ള അച്ഛന്റെ വീടിന്റെ പുറകിലൂടെ നെയ്യാറിലേക്ക് ഇറങ്ങാനായി വഴിയുണ്ട്. ഇതുവഴി കുട്ടി ഇറങ്ങി നടന്ന് നെയ്യാറിലേക്ക് വീണതാകാമെന്നാണ് പോലീസ് കരുതുന്നത്. അഗ്നിരക്ഷാസേന നെയ്യാർ തീരത്ത് നടത്തിയ തിരച്ചിലിൽ അനാമികയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വെള്ളിയാഴ്ച നെയ്യാറ്റിൻകര ഇൻസ്പെക്ടർ വി.എൻ.സാഗറിന്റെ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് തയ്യാറാക്കി.
തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടത്തി. മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി.