കൊല്ലം: ഭര്‍ത്താവിനെതിരെ പീഡന പരാതി നല്കിയ ശേഷം കൈക്കുഞ്ഞുമായി യുവാവിനൊപ്പം പോയ യുവതി കായലില്‍ ചാടി. മാങ്ങാട് പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ യുവതിയെ യാത്രക്കാരന് രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. അഷ്ടമുടി വടക്കേക്കര പനമൂട്ടില്വീട്ടില് ജോണ്സണ് തങ്കച്ചനാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
കരുനാഗപ്പള്ളി സ്വദേശിനി സുഹൃത്തായ യുവാവും കൈക്കുഞ്ഞുമായി പരവൂര്‍ പോലീസ് സ്റ്റേഷനിലെത്തി ഭര്‍ത്താവ് പൂതക്കുളം കരടിമുക്ക് സ്വദേശി സുമിത്തിനെതിരേ പരാതി നല്‍കിയശേഷം ബൈക്കില്‍ എറണാകുളത്തേക്ക് പോകുകയായിരുന്നു. മങ്ങാട് പാലത്തിലെത്തിയപ്പോള്‍ തലകറങ്ങുന്നതായി പറഞ്ഞ യുവതി പാലത്തില്‍ ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കുഞ്ഞിനെ യുവാവിന്റെ കൈയിലേല്‍പ്പിച്ച് കായലിലേക്ക് ചാടി.
സംഭവം കണ്ട യാത്രക്കാര്‍ യുവതിയെ രക്ഷിക്കാനായി കയര്‍ ഇട്ടുകൊടുത്തു. യുവതി അതില്‍ പിടിച്ചെങ്കിലും മുങ്ങുന്നതുകണ്ട ജോണ്സണ് കായലിലേക്ക് ചാടി രക്ഷിക്കുകയായിരുന്നു. അബോധാവസ്ഥയിലായ യുവതിയെ മേവറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.അവിടെനിന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ഗാര്‍ഹികപീഡന പരാതിയുടെ അടിസ്ഥാനത്തില്‍ സുമിത്തിനെ പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.