തിരുവനന്തപുരം : കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എംഎല്‍എമാരും മന്ത്രിമാരും പ്രതികളായ 128 കേസുകള്‍ പിൻവലിച്ച് സര്‍ക്കാര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ കക്ഷികളായ 930 കേസുകളും പിൻവലിച്ചതിൽ പെടും. മന്ത്രിമാരില്‍ വി ശിവൻകുട്ടി ഉള്‍പ്പെട്ട കേസുകളാണ് ഏറ്റവുമധികം പിൻവലിച്ചത്.
നിയമലംഘനങ്ങള്‍ രാഷ്ട്രീയഭേദമന്യ. ജനപ്രതിനിധികളും രാഷ്ട്രീയക്കാരും ഉള്‍പ്പെടുന്ന കേസുകളെല്ലാം ആവിയാകുന്നു. പിൻവലിക്കാൻ സര്‍ക്കാരിന് അത്യുത്സാഹം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാലയളവില്‍ എംഎല്‍എമാരും മന്ത്രിമാരും പ്രതികളായ 128 കേസുകള്‍.ഇതില്‍ മന്ത്രിമാര്‍ക്കെതിരായ 12 കേസുകളും. എംഎല്‍എമാര്‍ക്കെതിരായ 94 കേസും പിൻവലിച്ചു.
മന്ത്രി വി ശിവൻകുട്ടിക്കെതിരായ 13 കേസുകള്‍ പിൻവലിച്ചപ്പോള്‍. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ 6 കേസും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു പ്രതിയായ ഏഴ് കേസും പിൻവലിച്ചു. ആകെ 150 കേസുകള്‍ പിൻവലിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇടത് മുന്നമിയുമായി ബന്ധപ്പെട്ട 848 കേസുകള്‍ പിൻവലിച്ചപ്പോള്‍ യുഡിഎഫ് കക്ഷികളായ കേസുകള്‍ പിൻവലിച്ചത് വെറും 55ഉം ബിജെപി 15ഉം ആണ്.
2007 മുതലുള്ള കേസുകളാണ് പിൻവലിച്ചത്.നിയമസഭയില്‍ കെകെ രമ എംഎല്‍എയുടെ ചോദ്യത്തിനാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. ശിവൻകുട്ടി പ്രതിയായ നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള തീരുമാനത്തിന് തിരിച്ചടി കിട്ടിയിരിക്കെയാണ് രാഷ്ട്രീയക്കാർ ഉൾപ്പെട്ട കേസുകൾ കൂട്ടത്തോടെ പിൻവലിച്ച വിവരങ്ങൾ പുറത്ത് വരുന്നത്.