മനാമ: ഇന്ത്യൻ സ്കൂൾ സി.ബി.എസ്.ഇ പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസിലുമുള്ള സ്കൂൾ ടോപ്പർമാരെ അനുമോദിക്കുന്നതിനായി അവാർഡ് ദാന ചടങ്ങു സംഘടിപ്പിച്ചു. സെപ്റ്റംബർ 16 ന് ഇസ ടൗൺ കാമ്പസിൽ നടന്ന വെർച്വൽ അക്കാദമിക് അവാർഡ് ദാന ചടങ്ങിൽ X, XII ക്ളാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നടന്ന ചടങ്ങിൽ 2020-2021 അധ്യയന വർഷത്തിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് ആദരം.
ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷീദ് ആലം, ബിനു മണ്ണിൽ വറുഗീസ്, പ്രേമലത എൻഎസ്, രാജേഷ് നമ്പ്യാർ, സജി ജോർജ്, മുഹമ്മദ് നയാസ് ഉല്ല, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി കുമാർ ജെയിൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി , കമ്മ്യൂണിറ്റി നേതാക്കളായ മുഹമ്മദ് ഹുസൈൻ മലിം, പി എം വിപിൻ, വൈസ് പ്രിൻസിപ്പൽമാർ, വകുപ്പ് മേധാവികൾ, പ്രധാന അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പന്ത്രണ്ടാം ക്ലാസ് സ്കൂൾ ടോപ്പർമാരായ ആരോൺ ഡൊമിനിക് ഡികോസ്റ്റ (99%), ആദിത്യ സിംഗ് (99%), മേഘന ഗുപ്ത (98.4%), നിപുണ അശോക് (97.2%), ദേവദേവ് സുജിത്ത് കൂട്ടാല (97.2%), പത്താം ക്ലാസ് സ്കൂൾ ടോപ്പർമാരായ ഗുഗൻ മേട്ടുപ്പാളയം ശ്രീധർ (98.8%), വീണ കിഴക്കേതിൽ (98.6%), മാനസ മോഹൻ (97.6%), ഹിമ പ്രശോഭ് (97.6%) എന്നിവരാണ് സ്വർണ്ണ മെഡൽ നേടിയവരിൽ ഉൾപ്പെടുന്നത്.
ഉദ്ഘാടന പ്രസംഗത്തിൽ, ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവ ഇന്ത്യൻ സ്കൂളിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിക്കുകയും കോവിഡ് -19 ന്റെ ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും പ്രകീർത്തിച്ചു .
സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ അദ്ധ്യക്ഷ പ്രസംഗത്തിൽ അക്കാദമിക് ടീമിന്റെ കൂട്ടായ പരിശ്രമങ്ങൾ വിദ്യാർത്ഥികളുടെ എക്കാലത്തെയും മികച്ച അക്കാദമിക് പ്രകടനത്തിൽ കലാശിച്ചുവെന്നു പറഞ്ഞു. സിബിഎസ്ഇ ഫലങ്ങളുടെ വിശദ വിവരങ്ങൾ അവതരിപ്പിച്ച പ്രിൻസിപ്പൽ വി ആർ പളനിസ്വാമി ഇന്ത്യൻ സ്കൂൾ സ്ഥിരമായ അക്കാദമിക് മികവ് നിലനിർത്തുന്നുവെന്നു ചൂണ്ടിക്കാട്ടി.
ഇന്ത്യൻ സ്കൂൾ കുടുംബത്തിന്റെ സമർപ്പിത പരിശ്രമങ്ങളുടെ ഫലമായി വിദ്യാർത്ഥികളുടെ മികച്ചതും സ്ഥിരവുമായ പ്രകടനം അക്കാദമിക മേഖലയിൽ ഉണ്ടായിട്ടുണ്ടെന്ന് ഇ.സി അംഗം-അക്കാദമിക്സ് മുഹമ്മദ് ഖുർഷീദ് ആലം അനുമോദന പ്രസംഗത്തിൽ പറഞ്ഞു.സെക്രട്ടറി സജി ആന്റണി നന്ദി പറഞ്ഞു.