തിരുവനന്തപുരം: വിവാഹ അഭ്യർത്ഥന നിഷേധിച്ചതാണ് മകളെ അരുൺ കൊലപ്പെടുത്താൻ കാരണമെന്ന് നെടുമങ്ങാട് കുത്തേറ്റ് കൊല്ലപ്പെട്ട യുവതിയുടെ അമ്മ വത്സല. അരുൺ മോഷണ കേസിലെ പ്രതിയാണെന്നറിഞ്ഞാണ് വിവാഹ ആലോചന നിരസിച്ചത്. ഒരിക്കൽ പ്രതി അരുൺ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തുകയും മോളുടെ മാലയും മൊബൈലും തട്ടിപ്പറിക്കുകയും ചെയ്തിരുന്നു. അന്ന് പൊലീസിൽ പരാതി നൽകിയതാണ് . ആര്യനാട് എസ്.ഐ അരുണിനെ താക്കീത് നൽകി വിട്ടയച്ചതാണ്. ആ സംഭവം കഴിഞ്ഞിപ്പോൾ നാല് വർഷമായി. ഈ നാല് വർഷത്തിൽ ഇവനെ കൊണ്ട് യാതൊരു ഉപദ്രവും ഉണ്ടായിരുന്നില്ല. ഇന്ന് ഓർക്കാപ്പുറത്താണ് ഇവൻ പിന്നാലെ വന്നത് – വത്സല പറയുന്നു.
സമീപ ഭാവിയിലൊന്നും ഈ കുട്ടിയോ ഇവരുടെ കുടുംബമോ അരുണിനെതിരെ പരാതിയുമായി സമീപിച്ചിരുന്നില്ലെന്ന് പൊലീസും പറയുന്നു. നാല് വർഷം മുൻപ് ഇയാൾ പെൺകുട്ടിയെ തടഞ്ഞു നിർത്തുകയും മൊബൈലും മാലയും തട്ടിയെടുക്കുകയും ചെയ്തു. അന്ന് വിഷയത്തിൽ പൊലീസ് ഇടപെടുകയും അരുണിനെ താക്കീത് ചെയ്യുകയും ചെയ്തു. അരുണുമായുള്ള പ്രശ്നങ്ങൾ പൊലീസ് ഒത്തുതീർപ്പാക്കിയ ശേഷം കൊല്ലത്തുള്ള യുവാവുമായി സൂര്യഗായത്രിയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാൽ ചില സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ഭർത്താവുമായി അകന്ന് സൂര്യഗായത്രി നെടുമങ്ങാട്ടെ വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു.
അരുണിൻ്റെ ആക്രമണത്തിൽ 15 തവണ കുത്തേറ്റ സൂര്യഗായത്രിയെ ഗുരുതരാവസ്ഥയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പച്ചത്. സംഘർഷത്തിൽ പ്രതി അരുണിനും സൂര്യഗായത്രിയുടെ അമ്മ വത്സലയ്ക്കും കുത്തേറ്റിരുന്നു. വത്സലയെ ഇന്ന് പുലർച്ചയോടെ ആശുപത്രിയിൽ നിന്നും വിട്ടയച്ചു. സംഭവത്തിൽ മറ്റു ദുരൂഹതകളില്ലെന്ന് തിരുവനന്തപുരം റൂറൽ എസ്.പി മധു പറഞ്ഞു. പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്താണെന്ന് പൊലീസ് പരിശോധിക്കുകയാണ്. അന്വേഷണത്തിൻ്റെ ഭാഗമായി ഫോൺകോൾ വിവരങ്ങൾ വിശദമായി പരിശോധിക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന.