തിരുവനന്തപുരം: റബ്ബർ അധിഷ്ടിത മൂല്യവർധിത ഉൽപന്നങ്ങൾ പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപം നൽകിയ കേരള റബ്ബർ ലിമിറ്റഡിന്റെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടറായി മുൻ ഐ.എ എസ് ഉദ്യോഗസ്ഥയും അഡീഷണൽ ചീഫ് സെക്രട്ടറിയുമായിരുന്ന ഷീല തോമസിനെ നിയമിച്ചു.
അഞ്ചംഗ ഡയറക്ടർ ബോർഡും ഇതോടൊപ്പം നിലവിൽ വന്നു. വ്യവസായ വകുപ്പ് ഡയറക്ടർ, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ, റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ രാഘവൻ എന്നിവരാണ് ബോർഡിലുള്ളത്. കൊച്ചി സിയാൽ മാതൃകയിലാണ് കമ്പനിയുടെ പ്രവർത്തനം വിഭാവനം ചെയ്യുന്നത്. കമ്പനിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. ഉടനെ പ്രവർത്തനം ആരംഭിക്കും.
റബ്ബർ ബോർഡ് ചെയർ പേഴ്സൺ, നാച്ചുറൽ റബർ പ്രൊഡ്യൂസിംഗ് കൺട്രീസ് അസോസിയേഷൻ സെക്രട്ടറി ജനറൽ എന്നീ നിലകളിൽ പ്രവർത്തിച്ച അനുഭവവുമായാണ് ഷീല തോമസ് പുതിയ കമ്പനിയുടെ ചുമതലയേൽക്കുന്നത്.