തിരുവനന്തപുരം: ചെമ്മരുതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലാബിൽ നടത്തിയ രക്ത പരിശോധനയിൽ പ്ലേറ്റ് ലെറ്റ് കൗണ്ടിൽ ഗുരുതര പിഴവ് കണ്ടെത്തിയ സംഭവത്തിൽ വയോധികയായ രോഗിക്ക് 15,000 രൂപ നഷ്ട പരിഹാരം ലഭിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കിൻറെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.
വർക്കല ചെമ്മരുതി ചുണ്ടവിള വീട്ടിൽ 67 വയസ്സുള്ള പ്രസന്നക്കാണ് 15000 രൂപ ലഭിച്ചത്. പ്രസന്നയുടെ മകൾ സ്വപ്ന സുജിത് സമർപ്പിച്ച പരാതിയിലാണ് 15000 രൂപ നഷ്ട പരിഹാരം നൽകാൻ കമ്മീഷൻ ഉത്തരവിട്ടത്. പ്രമേഹരോഗ ചികിത്സയുടെ ഭാഗമായാണ് പ്രസന്നയെ 2021. ജനുവരി 4 ന് ചെമ്മരുതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഇവിടെ നടത്തിയ ലാബ് പരിശോധനയിൽ പ്രസന്നയുടെ രക്തത്തിൽ
10,000 സെൽസ് മാത്രമാണ് കണ്ടെത്തിയത്. ഒന്നര ലക്ഷം മുതൽ നാല് ലക്ഷംവരെയാണ് അവശ്യം വേണ്ട സെൽസ്. രോഗിക്ക് അടിയന്തിരമായി വിദഗ്ദ്ധ ചികിത്സ നൽകണമെന്ന നിർദ്ദേശത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യാശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോൾ 1,82,000 സെൽസ് കണ്ടെത്തി. ഇത് സംബന്ധിച്ച് പരാതി പറയാൻ ആശുപത്രിയിലെത്തിയ പരാതിക്കാരിയോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും ഹെൽത്ത് ഇൻസ്പെക്ടറും മോശമായി പെരുമാറിയെന്നും പരാതിയിൽ പറഞ്ഞു.
കമ്മീഷൻ ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നും അന്വേഷണ റിപ്പോർട്ട് വാങ്ങി. ജീവനക്കാരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ടിൽ പറഞ്ഞത്.
ലാബ് റിപ്പോർട്ട് തെറ്റാണെന്ന് കമ്മീഷൻ വിലയിരുത്തി. തെറ്റായ റിപ്പോർട്ട് കാരണം പരാതിക്കാരുടെ മാതാവിന് കൊല്ലത്ത് വിദഗ്ദ്ധ ചികിത്സ തേടേണ്ടി വന്നു. ഇവർക്ക് മാനസിക വിഷമവും സാമ്പത്തിക നഷ്ടവുമുണ്ടായിട്ടുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
തിരുവനന്തപുരം ജില്ലാമെഡിക്കൽ ഓഫീസർ നഷ്ടപരിഹാരം നൽകിയ ശേഷം പ്രസ്തുത തുക ആവശ്യമെങ്കിൽ ബന്ധപ്പെട്ട ജീവനക്കാരിൽ നിന്ന് നിയമപ്രകാരം ഈടാക്കാവുന്നതാണെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞിരുന്നു. നഷ്ടപരിഹാരം ലാബ് ജീവനക്കാരിയിൽ നിന്നും ഈടാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.