മനാമ: കോവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിൽ ബുദ്ധിമുട്ടിലായ പ്രവാസികളുടെ പ്രശ്ന പരിഹാരത്തിനായി പ്രവാസി വെൽഫെയർ ഫോറം ആഗസ്ത് 13 ന് വെർച്ച്വൽ പ്ലാറ്റഫോമിൽ സംഘടിപ്പിക്കുന്ന പ്രവാസി പ്രക്ഷോഭത്തിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന ഭരണാധികാരികൾക്ക് കൂട്ട ഇ മെയിൽ അയക്കൽ സോഷ്യൽ വെൽഫെയർ അസോിയേഷന്റെ നേതൃത്വത്തിൽ ഇന്നും നാളെയുമായി (ശനി, ഞായർ) നടക്കും.
കൂട്ട ഇമെയിൽ അയക്കുന്നതിന്റെ ഉൽഘാടനം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം തിരുനന്തപുരത്ത് നിർവഹിക്കും. പ്രവാസി ദുരിതങ്ങളും പരിഹാരങ്ങളും എണ്ണിപറഞ്ഞ് പ്രധാനമന്ത്രി, കേന്ദ്ര വിദേശ കാര്യമന്ത്രി, മുഖ്യമന്ത്രി എന്നിവർക്കാണ് ഇമെയിൽ അയക്കുന്നത്. തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചു വന്ന പ്രവാസികൾക്ക് പുനരധിവസ പദ്ധതി നടപ്പിലാക്കുക, മരണപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ ആശ്രിതർക്ക് പ്രത്യേക ധനസഹായം നൽകുക, കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ പഠിച്ചു കൊണ്ടിരിക്കുന്ന മക്കൾക്കു പ്രഖ്യാപിച്ച സഹായധനം പ്രവാസികളുടെ മക്കൾക്കും ലഭ്യമാക്കുക, പ്രവാസികളുടെ യാത്രാ പ്രശ്ന പരിഹാരത്തിന് നയതന്ത്ര ഇടപെടൽ ശക്തമാക്കുക, വിദേശങ്ങളിൽ ജോലി നഷ്ടപ്പെട്ടും വാടക കൊടുക്കാൻ കഴിയാതെയും ചികിത്സക്ക് പണമില്ലാതെയും പ്രയാസപ്പെടുന്നവർക്ക് എംബസികളിലെ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് (ഐ സി ഡബ്ല്യൂ ഫണ്ട്) വിനിയേഗിക്കുക തുടങ്ങി ആവശ്യങ്ങളാണ് ഇ മെയിൽ പെറ്റീഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് സോഷ്യൽ വെൽഫെയർ അസസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് എറിയാട് അറിയിച്ചു.