ടോക്കിയോ: ലോക കായിക മാമാങ്കമായ ഒളിമ്പിക്സിന് ഇനി 14 ദിവസം മാത്രം. ഒളിമ്പിക്സ് വേദിയിൽ ജ്വലിപ്പിക്കാനുള്ള ദീപം ആതിഥേയ നഗരമായ ടോക്കിയോവിലെത്തി. ജപ്പാനിലെ വിവിധ പ്രവിശ്യകളിലെ നഗരാതിർത്തികളിലൂടെ സഞ്ചരിച്ചാണ് ദീപശിഖ എത്തിയത്. കൊറോണ വ്യാപനം കാരണം നഗരകേന്ദ്രങ്ങളേയും പൊതുവീഥികളേയും ഒഴിവാക്കിയും സ്വീകരണം ഒഴിവാക്കിയുമാണ് പ്രത്യേക വാഹനത്തിൽ ദീപം എത്തിയത്. ടോക്കിയോ ഗവർണർ യൂറികോ കോയികേ ഏറ്റുവാങ്ങി.
ഈ മാസം 23-ാം തിയതിയാണ് ഒളിമ്പിക്സ് ആരംഭിക്കുന്നത്. ആഗസ്റ്റ് 8-ാം തിയതിയാണ് സമാപനം. 33കായിക ഇനങ്ങളിലായി 339 മത്സരങ്ങളാണ് നടക്കാൻ പോകുന്നത്. ഗ്രീസിലെ ഏഥൻസിൽ നിന്നും പരമ്പരാഗത രീതിയിൽ സൂര്യപ്രകാശത്തെ കണ്ണാടിയിടൂടെ കടത്തിവിട്ട് തെളിയിച്ച ദീപമാണ് പ്രത്യേക ഗ്യാസ് വിളക്കുകളിൽ പകർത്തി ദീപശിഖയിലേക്കും പകർന്നത്. കഴിഞ്ഞ വർഷം നടക്കേണ്ട ഒളിമ്പിക്സാണ് കൃത്യം ഒരു വർഷത്തെ മാറ്റിവക്കലിന് ശേഷം ജപ്പാനിൽ നടക്കുന്നത്.
കാണികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനമാണ് ടോകിയോ അധികൃതർ എടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയിലാണ് ഔദ്യോഗിക തീരുമാനം എടുത്തത്. വിദേശീയർക്ക് വിസ നൽകേണ്ടതില്ലെന്ന തീരുമാനം മുന്നേ എടുത്തിരുന്നെങ്കിലും തദ്ദേശീയരെ വേദികളിൽ പ്രവേശിപ്പിക്കാൻ ആദ്യ ഘട്ടത്തിൽ തീരുമാനിച്ചിരുന്നു. ലോക ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായി കാണികളില്ലാതെ ഒളിമ്പിക്സ് നടക്കുന്നു എന്ന പ്രത്യേകതയാണ് കൊറോണ മൂലം ഉണ്ടായിരിക്കുന്നത്. ഒളിമ്പിക്സ് ഗ്രാമത്തിനകത്ത് പ്രവേശിക്കുന്ന കായിക താരങ്ങൾ, പരിശീലകർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് നിയന്ത്രണമുണ്ട്.എല്ലാവരേയും കൃത്യമായ ഇടവേളകളിൽ കൊറോണ പരിശോധന നടത്തി പ്രതിരോധം ഉറപ്പുവരുത്തുമെന്നും ടോക്കിയോ ഒളിമ്പിക്സ് അധികൃതർ അറിയിച്ചു.