മനാമ: സ്പുട്നിക് വി വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ബഹ്റൈൻ അനുമതി നൽകി. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ ജമാലയ നാഷണൽ സെന്റർ ഫോർ എപ്പിഡെമോളജിക്കൽ ആൻഡ് മൈക്രോബയോളജി റിസർച്ച് ആണ് വാക്സിൻ നിർമ്മിച്ചത്. നിർമ്മാണ കമ്പനി നൽകിയ വിവരങ്ങളുടെയും നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻഎച്ച്ആർഎ) നടത്തിയ പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് റഷ്യൻ നിർമ്മിത വാക്സിൻ ഉപയോഗിക്കാൻ ബഹ്റൈൻ അനുമതി നൽകിയത്.
ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അംഗീകാരം നൽകുന്ന ഉത്തരവാദിത്തമുള്ള ഒരു കൂട്ടം അക്കാദമിക് വിദഗ്ധരുടെയും ഡോക്ടർമാരുടെയും കൺസൾട്ടന്റുമാർ ഉൾപ്പെടുന്ന ക്ലിനിക്കൽ റിസർച്ച് കമ്മിറ്റിയുടെ അഭിപ്രായവും എൻഎച്ച്ആർഎ കണക്കിലെടുത്താണ് തീരുമാനം. ഇന്ന് പുറപ്പെടുവിച്ച അംഗീകാരത്തിന്റെ അടിസ്ഥാനത്തിൽ നിലവിലെ മാനദണ്ഡങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായി ആരോഗ്യ മന്ത്രാലയം ഇറക്കുമതി നടപടിക്രമങ്ങൾ ആരംഭിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
സിനോഫാർമിനും ഫൈസർ-ബയോ എൻ ടെക്കിനും ഓക്സ്ഫോർഡ് / അസ്ട്രസെനെക്കക്കും ശേഷം ബഹ്റൈനിൽ അടിയന്തര ഉപയോഗത്തിനായി അംഗീകാരം ലഭിക്കുന്ന നാലാമത്തെ വാക്സിനാണ് സ്പുട്നിക് വി വാക്സിൻ.