മനാമ: ബഹ്റൈന്റെ ദേശീയ ദിനത്തോടനുബന്ധച്ച് ഗൂഗിളിന്റെ ഹോംപേജിൽ ഡൂഡിൽ നൽകി ആദരിച്ചു. ഈ വർഷത്തെ ഡൂഡിൽ അലയടിക്കുന്ന ഫ്ലാഗ് ആണ് അവതരിപ്പിച്ചത്. ഇന്റർനെറ്റ് ഭീമന്റെ വെബ്സൈറ്റിലേക്കുള്ള സന്ദർശകരെ ബഹ്റൈൻ പതാക കാറ്റിൽ വീശുന്ന ചിത്രം സ്വാഗതം ചെയ്യും. ബഹ്റിന്റെ 49 -മത് ദേശീയ ദിനമാണ് ആഘോഷിക്കുന്നത്. ഡിസംബർ 16, 17 ദിനങ്ങളിലാണ് ബഹ്റൈന്റെ ദേശീയ ദിനം. ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെയോ, ആഘോഷങ്ങളുടെയോ സ്മരണാർത്ഥം ഗൂഗിളിന്റെ പ്രധാനതാളിലെ ലോഗോയിൽ വരുത്തുന്ന താത്കാലിക പരിഷ്കരണങ്ങളാണ് ഗൂഗിൾ ഡൂഡിൽ എന്ന പേരിൽ അറിയപ്പെടുന്നത്.
ദേശീയ ദിനവും രാജാവിന്റെ സ്ഥാനാരോഹണ വാര്‍ഷികവും പ്രമാണിച്ച് ബഹ്റൈനില്‍ രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയാഘോഷങ്ങളോടനുബന്ധിച്ച് രാജ്യമെങ്ങും ദേശീയ പതാകയും ദീപാലങ്കാരങ്ങളും കൊണ്ട് വർണ്ണ പ്രഭയിൽ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. മൂന്നിടങ്ങളിൽ ഫയർ വർക്സ് ഒരുക്കിയിട്ടുണ്ട്. റിഫയിലെ ഷെയ്ഖ് സൽമാൻ ബിൻ അഹമ്മദ് ഫോർട്ടിലും ബഹ്റൈൻ ബേയിലുമാണ് ഫയർ വർക്സ് ഉണ്ടാവുക.