ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിക്കിടെ വിമാനക്കമ്പനികള്‍ പ്രവാസികളെ കൊള്ളയടിക്കുന്നത് തടയാന്‍ അടിയന്തിരമായി ഇടപെടണമെന്ന് എംവി ശ്രേയാംസ്കുമാര്‍ എംപി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കൊണ്ടുവന്ന എയര്‍ ബബിള്‍ എഗ്രിമെന്റ് പ്രവാസി ഇന്ത്യാക്കാര്‍ക്ക് ഗുണകരമാവുന്ന വിധം ഭേദഗതി ചെയ്താല്‍ മാത്രമേ കോവിഡിന് ശേഷം പ്രവാസികള്‍ക്ക് പിടിച്ചു നില്‍ക്കാനാവൂ എന്നും അദ്ദേഹം വിദേശകാര്യ സിവില്‍ വ്യോമയാന മന്ത്രാലയങ്ങളെ ഓര്‍മ്മിപ്പിച്ചു.
എയര്‍ ഇന്ത്യാ എക്സ് പ്രസ് അടക്കമുള്ള വിമാനക്കമ്പനികള്‍ കണ്ണില്‍ ചോരയില്ലാതെ പ്രവാസികളെ പിഴിഞ്ഞൂറ്റാന്‍ മത്സരിക്കുകയാണെന്ന് എംവി ശ്രേയാംസ്കുമാര്‍ ചൂണ്ടിക്കാട്ടി. കോവിഡ് കാലഘട്ടത്തിന് മുമ്പ് 8000 രൂപ മുതല്‍ 18,000 രൂപ വരെ ആയിരുന്നു കരിപ്പൂരില്‍ നിന്ന് ബഹറൈനിലേക്ക് എയര്‍ ഇന്ത്യാ എയര്‍ ഇന്ത്യാ എക്സ് പ്രസിന്റെ ടിക്കറ്റ് ചാര്‍ജ്. എന്നാല്‍ ഇപ്പോള്‍ ഇത് 38,000 രൂപ വരെയാണ്. നേരത്തേ പ്രതിദിനം എട്ടു സര്‍വീസുകള്‍ വരെ ഉണ്ടായിരുന്നിടത്ത് നിലവില്‍” ആഴ്ചയില്‍ അഞ്ചു സര്‍വീസുകള്‍ വരെയാണ് ഓപ്പറേറ്റ് ചെയുന്നത്. ഇതേ റൂട്ടില്‍ ഗള്‍ഫ് എയര്‍ ആകട്ടെ 53,000 രൂപ മുതല്‍ 75,000 രൂപ വരെ ഈടാക്കുകയാണ്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളില്‍ നിന്നും യാത്ര പുറപ്പെടുന്ന പ്രവാസികള്‍ സമാനമായ വിമാനക്കൊള്ളയ്ക്ക് ഇരകളാവുകയാണ്. നിലവില്‍ വിവിധ രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയിട്ടുള്ള എയര്‍ ബബിള്‍ കരാര്‍ പ്രകാരം എയര്‍ ഇന്ത്യാ എയര്‍ ഇന്ത്യാ എക്സ് പ്രസിനോ ഗള്‍ഫ് എയറിനോ മാത്രമേ ഈ റൂട്ടില്‍ സര്‍വീസ് നടത്താനാവൂ. ഈ കരാര്‍ ആകട്ടെ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുകയുമാണ്. 189 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ ഇപ്പോള്‍ പരമാവധി 100 യാത്രക്കാര്‍ക്കാണ് അനുമതി. വിമാനത്തിന്റെ യാത്രാച്ചെലവ് പൂര്‍ണമായും ഇവരില്‍ നിന്ന് ഈടാക്കും. വിദേശ കാര്യ മന്ത്രാലയത്തിന്റെ അടിയന്തിര ഇടപെടലാണ് ഇക്കാര്യത്തില്‍ വേണ്ടത്. സീറ്റുകളുടേയും ഫ്ലൈറ്റുകളുടേയും എണ്ണം വര്‍ദ്ധിപ്പിക്കുന്ന വിധത്തില്‍ എയര്‍ ബബിള്‍ കരാറില്‍ ഭേദഗതികള്‍ കൊണ്ടു വന്നാല്‍ മാത്രമേ പ്രവാസികള്‍ക്ക് തല കുനിയ്ക്കാതെ വിമാനയാത്ര സാധ്യമാവൂ,
വന്‍തുക നല്കി ചെല്ലുന്ന യാത്രക്കാരില്‍ നിന്ന് വിമാനമിറങ്ങുമ്പോള്‍ കോവിഡ് പരിശോധനയ്ക്കായി വീണ്ടും 12,000 രൂപ കൂടി പിടിച്ചു വാങ്ങുകയാണ് പല രാജ്യങ്ങളും ചെയ്യുന്നത്. ഇത് നമ്മുടെ ആരോഗ്യ സംവിധാനങ്ങളോടുളള വെല്ലുവിളിയാണ്. ഇക്കാര്യത്തിലും സുതാര്യമായ സമീപനം ആവശ്യമാണ്. ഡിസംബര്‍ പകുതി വരെ എയര്‍ ഇന്ത്യാ എക്സ്പ്രസ് ടിക്കറ്റുകള്‍ ലഭ്യമല്ലെന്നത് യാത്രാക്നേശം കൂടുതല്‍ വര്‍ദ്ധിപ്പിക്കും ആഴ്ചയിലൊരിക്കല്‍ പുറത്തുവരുന്ന ഗള്‍ഫ് എയര്‍ നിരക്കുകളാകട്ടെ പ്രവാസികളുടെ ഗതികേടിനെ പരമാവധി ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്ന വിധത്തിലുമാണ്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാനക്കൂലിയും സമാനമാം വിധം പിടിച്ചുപറിയാവുന്നുണ്ട്. കുവൈറ്റിലേക്കുള്ള യാത്രാ നിരക്ക് രണ്ട് ലക്ഷം രൂപയോളം വരും. സൗദിയിലേക്കും ഒമാനിലേക്കും വിരലില്‍ എണ്ണാവുന്ന സര്‍വീസുകള്‍ മാത്രമേയുള്ളു. മറ്റ് ഏഷ്യന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യുഎസിലേക്കും യാത്ര ചെയ്യുന്നവരും കൊള്ളയടിക്കപ്പെടുകയാണ്.
കോവിഡ് കാലത്ത് തിരിച്ചെത്തിയ മലയാളികളിൽ പലരും തൊഴില്‍ നഷ്ടത്തിന്റെ വക്കിലാണിപ്പോള്‍. ജോലി ചെയ്യുന്ന കമ്പനികള്‍ പലര്‍ക്കും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പലരും വിസാ കാലാവധി തീരുന്നതിന്റെ തൊട്ടടുത്തുമാണ്. മടങ്ങിപ്പോകാനുള്ള പ്രവാസികളുടെ വ്യഗ്രതയെ വിമാനക്കമ്പനികളുടെ ലാഭക്കൊതിക്ക് വിട്ടുകൊടുക്കരുത്.
സ്വന്തം ജീവിതം പണയം വച്ച് രാജ്യത്തിന് വിദേശ വരുമാനം നേടിത്തന്ന പ്രവാസികളോട് മനുഷ്യത്വപരമായ സമീപനം കാണിക്കേണ്ട സന്ദര്‍ഭമാണിത്. തൊഴില്‍ നഷ്ടത്തിനപ്പുറം കോവിഡാനന്തരഘട്ടത്തില് രാജ്യത്തിന് തലയുയര്‍ത്തി നില്‍ക്കാനും പ്രവാസികളുടെ കൈത്താങ്ങ് അനിവാര്യമാണ്. അതിനാല്‍ വിമാനക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കേണ്ടതുണ്ട്. പ്രവാസികളുടെ യാത്രാക്നേശം പരിഹരിക്കാന്‍ ക്രിയാത്മകമായനടപടികളും കര്‍ശനമായ നിര്‍ദേശങ്ങളും നല്‍കണമെന്നും എംവി ശ്രേയാംസ്കുമാര്‍ എംപി വിദേശകാര്യ വ്യോമയാന മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു.