
മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ (ജി.എസ്.എസ്) എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് 2026 വിതരണം ചെയ്തു. സൽമാനിയ കാനൂ ഗാർഡനിലെ സൊസൈറ്റി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.

പത്താം, പന്ത്രണ്ടാം ക്ലാസുകളിൽ മികച്ച വിജയം നേടിയ ജി.എസ്.എസ് കുടുംബാംഗങ്ങളുടെ മക്കൾക്ക് അവാർഡുകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ. ഗോപിനാഥ് മേനോനും ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം മിഥുൻ മോഹനും വിശിഷ്ടാതിഥികളായി പങ്കെടുത്തു.

ജി.എസ്.എസ് ചെയർമാൻ സനീഷ് കൂറുമുള്ളിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ സതീഷ് കുമാർ, ലേഡീസ് വിങ് പ്രസിഡന്റ് ശ്രീജയ് ബിനോ എന്നിവർ ആശംസകൾ നേർന്നു.

ഒൻപത് ദിവസം നീണ്ടുനിന്ന നവരാത്രി ആഘോഷങ്ങളിൽ ക്ലാസിക്കൽ ഡാൻസ് അവതരിപ്പിച്ച കുട്ടികൾക്ക് പ്രത്യേക ഉപഹാരങ്ങൾ നൽകി. ജി.എസ്.എസ് സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങിൽ ആദ്യാക്ഷരം കുറിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ഡയറക്ടർ ബോർഡ് അംഗങ്ങൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി. അസിസ്റ്റന്റ് സെക്രട്ടറി ദേവദത്തൻ നന്ദി രേഖപ്പെടുത്തി. ശ്രീജ സനീഷ് അവതാരകയായിരുന്നു.


