
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ICRF ബഹ്റൈൻ), അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി (AMH) സഹകരിച്ച് ഹാൻഡ്സ്-ഓൺലി സി.പി.ആർ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഒക്ടോബർ 24ന് നടന്ന പരിപാടിയിൽ വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് 75ഓളം പേർ പങ്കെടുത്തു.
പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും അടിയന്തര ഘട്ടങ്ങളിൽ സമയബന്ധിതമായി ഇടപെടേണ്ടതിന്റെ പ്രാധാന്യം പരിചയപ്പെടുത്തുന്നതിനുമായിരുന്നു പരിശീലനം. ഹാൻഡ്സ്-ഓൺലി സി.പി.ആറിന്റെ അടിസ്ഥാന പാഠങ്ങൾ പങ്കുവെച്ച പരിശീലകർ, ഹൃദയസ്തംഭനമുണ്ടാകുമ്പോൾ എത്രയും വേഗം ഇടപെടേണ്ടതെങ്ങനെയെന്ന് പ്രായോഗികമായി വിശദീകരിച്ചു.
എ.എം.എച്ച്. ടീമിന് നേതൃത്വം നൽകിയ ഡോ. ബാബു രാമചന്ദ്രൻ, ഹൃദയസംബന്ധമായ അടിയന്തര സാഹചര്യങ്ങളിൽ സി.പി.ആർ പരിശീലനത്തിന്റെയും സമൂഹപങ്കാളിത്തത്തിന്റെയും പ്രാധാന്യം ചൂണ്ടിക്കാട്ടി. കൂടുതൽ പേർക്ക് ഈ ലളിതമായ ജീവൻരക്ഷാ സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്നത് അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സജ്ജമായ സമൂഹം രൂപപ്പെടുത്താൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എ.എം.എച്ചിലെ സി.പി.ആർ പരിശീലകരായ ഫ്രീഡ സെക്വീര, ബിൻസൺ മാത്യൂസ് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. ജവാദ് പാഷയും സുരേഷ് ബാബുവും പരിപാടി ഏകോപിപ്പിച്ചു. പിന്തുണയും പങ്കാളിത്തവും നൽകിയ എ.എം.എച്ച്. ടീമിനും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഐ.സി.ആർ.എഫ്. ചെയർമാൻ അഡ്വ. വി.കെ. തോമസ് നന്ദി അറിയിച്ചു.


