മനാമ: തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം സ്വദേശിനിക്ക് യാത്രാ ടിക്കറ്റ് നൽകി കൊല്ലം പ്രവാസി അസോസിയേഷൻ സഹായിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി തുച്ഛമായ വേതനത്തിൽ ജോലി ചെയ്തുവരികയായിരുന്ന ഇവർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ദിവസങ്ങളായി ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ഭക്ഷണത്തിനുപോലും പ്രയാസം നേരിട്ടു. സൽമാനിയ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും ഡോക്ടർമാരുടെ നിർദേശപ്രകാരം നാട്ടിലേക്ക് മടങ്ങുന്നതാണ് ഉചിതമെന്നും അറിയിച്ചു.
തുടർന്ന് കൊല്ലം പ്രവാസി അസോസിയേഷൻ ചാരിറ്റി വിങ്ങിന്റെയും വനിതാ വിഭാഗമായ പ്രവാസിശ്രീയുടെയും പ്രവർത്തകർ ഇവരെ സന്ദർശിച്ചു. നാട്ടിലേക്ക് വേഗത്തിൽ മടങ്ങുന്നതിനുള്ള സഹായത്തിന്റെ ഭാഗമായി യാത്രാ ടിക്കറ്റ് കൈമാറി. കെ.പി.എ. വർക്കിങ് പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിങ് സെക്രട്ടറി അനൂപ് തങ്കച്ചൻ, സെക്രട്ടറി വി.എം. പ്രമോദ്, ചാരിറ്റി വിങ് കൺവീനർ നവാസ് കുണ്ടറ, മനാമ ഏരിയ കോഓർഡിനേറ്റർ ഷമീർ സലീം, പ്രവാസിശ്രീ അസിസ്റ്റന്റ് ചെയർപേഴ്സൺ ഷാമില ഇസ്മായീൽ എന്നിവർ സന്നിഹിതരായിരുന്നു.

