ന്യൂഡൽഹി: രാജ്യത്തിന്റെ ശത്രുക്കളെ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശത്രുക്കൾക്കെതിരെ എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്നും ‘രാജ്യം ആദ്യം’ എന്ന ആദർശം പിന്തുടരണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.
രാജ്യത്തിന് ദോഷം വരുത്തുന്നവരും സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരും ഇന്ത്യൻ സംസ്കാരത്തെ എതിർക്കുന്ന മനോഭാവവും രാജ്യത്തിന്റെ ശത്രുക്കളാണെന്ന് മോദി പറഞ്ഞു. ഡൽഹിയിലെ ഐ.പി. എക്സ്റ്റൻഷനിൽ സംഘടിപ്പിച്ച വിജയദശമി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനായിരത്തിലേറെ പേർ പരിപാടിയിൽ പങ്കെടുത്തു.
നന്മയുടെയും ധർമത്തിന്റെയും വിജയമാണ് ദസറ അടയാളപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ സംസ്കാരമാണ് രാജ്യത്തിന്റെ അടയാളമെന്നും ശ്രീരാമന്റെ മൂല്യങ്ങൾ എല്ലാവരും മുറുകെപ്പിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനക്ഷേമമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി രാവണന്റെ കോലം കത്തിച്ചു.

