ബഹ്റൈനിൽ പ്രവാസി തൊഴിലാളികൾക്ക് പകരം യോഗ്യരായ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ നിയമനിർമ്മാണം വേണമെന്ന് പാർലമെന്റ് അംഗം ജലാൽ അൽ ഖദം ആവശ്യപ്പെട്ടു. സ്വകാര്യ മേഖലയിലെ 30 തൊഴിൽ തസ്തികകൾ ബഹ്റൈനികൾക്ക് മാത്രമായി സംവരണം ചെയ്യുന്നതിനുള്ള നിയമനിർമ്മാണ നിർദേശം സമർപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
സ്വകാര്യ മേഖലയിൽ അഞ്ച് ലക്ഷത്തിലധികം പ്രവാസി തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്ന് എം.പി ചൂണ്ടിക്കാട്ടി. ഇതിൽ അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ, ഹ്യൂമൻ റിസോഴ്സ്, സപ്പോർട്ട് വിഭാഗങ്ങളിലായി ഒന്നര ലക്ഷത്തിലധികം പ്രവാസികളുണ്ട്. ഈ മേഖലകളിൽ യോഗ്യരായ ബഹ്റൈൻ പൗരന്മാർക്ക് കൂടുതൽ അവസരങ്ങൾ നൽകണമെന്നാണ് ആവശ്യം.
അതേസമയം, യോഗ്യരായ സ്വദേശികളെ ലഭിക്കാത്ത സാഹചര്യത്തിൽ പ്രവാസികളെ നിയമിക്കുന്നതിന് ഇളവ് അനുവദിക്കാനും നിർദേശത്തിൽ വ്യവസ്ഥയുണ്ട്.
കഴിഞ്ഞ ഒൻപത് മാസത്തിനിടെ സ്വകാര്യ മേഖലയിൽ 18,000 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച സർക്കാർ നടപടിയെ എം.പി സ്വാഗതം ചെയ്തു. എന്നാൽ പ്രതിവർഷം പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന മുപ്പതിനായിരത്തോളം സ്വദേശികളുടെ തൊഴിൽഭാവി കൂടി പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാർ ഉടമസ്ഥതയിലുള്ള 47 സ്ഥാപനങ്ങളിലായി നാൽപ്പതിനായിരത്തിലധികം പ്രവാസികൾ ജോലി ചെയ്യുന്നുണ്ടെന്നും ഇവിടങ്ങളിലും സ്വദേശിവൽക്കരണം ശക്തമാക്കണമെന്നും ജലാൽ അൽ ഖദം ആവശ്യപ്പെട്ടു.
അതേസമയം, 30 തസ്തികകൾ സ്വദേശികൾക്ക് മാത്രമായി സംവരണം ചെയ്യണമെന്നത് നിയമനിർമ്മാണ നിർദേശം മാത്രമാണ്. ഇതുസംബന്ധിച്ച നിയമം ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല.

